
ഒരു ജോടി ചെരുപ്പുകളുമിട്ട്, 72 വയസ്സ് കഴിഞ്ഞ അനസൂയാബായ് ഹരിശ്ചന്ദ്രഗഢ് മലമുകളിലെ കോട്ടയിലേക്ക് കയറുകയാണ്. പശ്ചിമഘട്ടത്തിലെ 4,710 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടയിലേക്ക് അവർ കയറാൻ തുടങ്ങിയിട്ട് ഒരു ദശാബ്ദക്കാലമായി. മലയുടെ മുകളിൽ ഒരു ഭക്ഷണശാല തുടങ്ങാൻ 2012-ൽ കുടുംബം തീരുമാനിച്ചതുമുതലാണ് അവർ ഈ യാത്ര ആരംഭിച്ചത്. അവിടേക്കെത്താൻ കയറുകയല്ലാതെ മറ്റ് വഴിയുമില്ല. 60 – 80 ഡിഗ്രി കുത്തനെ കയറണം അവിടെയെത്താൻ. 3 കിലോമീറ്റർ ദൂരം താണ്ടാൻ, ഓരോ ഭാഗത്തേക്കും മൂന്ന് മണിക്കൂറെടുക്കും.
പിന്നീട്, അനസൂയബായിയുടെ കുടുംബം, മലയുടെ താഴെ, സമതലത്തിൽ വിനോദസഞ്ചാരികൾക്ക് താമസിക്കാനായി ഒരു ഹോംസ്റ്റേയും ആരംഭിക്കുകയുണ്ടായി. മലകയറ്റത്തിനും, മലയുടെ മുകളിലും താഴെയുമായി സന്ദർശകർക്ക് നല്ല രുചിയുള്ള ഭക്ഷണം വിളമ്പുന്നതിനും പ്രശസ്തയാണ് അനസൂയബായ്.



“ആളുകൾ ചോദിക്കുന്നു, ഷൂസ് വേണോ എന്ന്. പക്ഷേ എനിക്ക് ചെരുപ്പുകളാണ് സൌകര്യം”, മഹാരാഷ്ട്രയിലെ പരമ്പരാഗത നവരി സാരി (ഏഴ് യാർഡ് ഒറ്റത്തുണികൊണ്ട് നെയ്ത സാരി) ധരിച്ച അനസൂയ ബദാദ് പറയുന്നു. സാധാരണയായി, മലമുകളിലെ ഭക്ഷണശാലയിലേക്ക് ഭക്ഷണസാധനങ്ങൾ ചുമക്കാൻ അവർ ഒരു സഹായിയേയും വിളിക്കാറുണ്ട്. മലമുകളിൽ സമ്പൂർണ്ണഭക്ഷണം കിട്ടുന്ന ഒരേയൊരു ഭക്ഷണശാലയാണ് അവരുടേത്. അതിനാൽ, യാത്രക്കാരുടെ ഇഷ്ടസ്ഥലവും.
മണ്ണും, മരക്കമ്പുകളുംകൊണ്ട് നിർമ്മിച്ച ഒരു തട്ടുകടയാണ് അവരുടെ ആ ഭക്ഷണശാല. ഓരോ ശക്തിയായ മഴ കഴിഞ്ഞാലും വീണ്ടും പുതുക്കിപ്പണിയണം. “മഴ വരുന്നതിനുമുൻപേ അറിയാൻ പറ്റും. അപ്പോൾ ഞങ്ങൾ കട അടയ്ക്കും. സന്ദർശകർ സുരക്ഷിതരായിരിക്കുമല്ലോ”, അനസൂയബായ് പറയുന്നു. പുതുക്കിപ്പണിയാൻ ഏകദേശം രണ്ടാഴ്ചയെടുക്കും.
ഹരിശ്ചന്ദ്രഗഢ് മലയുടെ താഴെയുള്ള ഹോംസ്റ്റേയാണ് കുടുംബത്തിന്റെ മറ്റൊരു സംരംഭം. അഹമ്മദ്നഗർ ജില്ലയിലെ അകോല ബ്ലോക്കിലെ പച്ചനായ് ഗ്രാമത്തിലാണ് ഇത്. ഗ്രാമത്തിന്റെ ഒരു ഭാഗത്ത് ഒരു കോട്ടയും മറുഭാഗത്ത് കാടുമാണുള്ളത്.


6-ആം നൂറ്റാണ്ടിൽ പണിത കോട്ടയെന്ന് പറയപ്പെടുന്ന ഹരിശ്ചന്ദ്രഗഢ് ആ പ്രദേശത്തെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. “ജൂലായ് മുതൽ ഡിസംബർവരെയുള്ള സീസണിൽ, എല്ലാ വാരാന്ത്യങ്ങളിലും ഏകദേശം 100-150 സഞ്ചാരികൾ ഭക്ഷണം കഴിക്കാൻ വരാറുണ്ട്. ആ കാലത്തുള്ള വെള്ളച്ചാട്ടവും സാഹസികവിനോദങ്ങളും ആസ്വദിക്കാനാണ് ആളുകൾ വരുന്നത്”, മലമുകളിലെ ഹോട്ടലിലേക്കുള്ള ഭക്ഷണവുമായി വാരാന്ത്യങ്ങളിൽ കയറ്റം കയറുന്ന അനസൂയബായ് പറയുന്നു. “കൊട്ട സന്ദർശിക്കാൻ മാർച്ച് വരെ നല്ല സമയമാണ്. അത് കഴിഞ്ഞാൽ സഞ്ചാരികൾ തീരെ ഉണ്ടാവാറില്ല”, അവർ കൂട്ടിച്ചേർക്കുന്നു.
ഓലയും ഇഷ്ടികയുംകൊണ്ട് നിർമ്മിച്ച് ചാണകംകൊണ്ട് തേച്ചതാണ് ഗ്രാമത്തിലെ മിക്ക വീടുകളും. ബദാദിന്റെ വീടും മണ്ണുകൊണ്ടുണ്ടാക്കിയ ഒന്നാണ്. അടുക്കളയിലും തുണികഴുകുന്ന സ്ഥലത്തും വെളിച്ചം ചൊരിഞ്ഞുകൊണ്ട് ഒരു ബൾബ് പ്രകാശിക്കുന്നു. മുറിയോട് ചേർന്ന് സിമന്റുകൊണ്ടുണ്ടാക്കിയ ഭാഗമാണ് സന്ദർശകർക്ക് ഭക്ഷണം വിളമ്പാനും, രാത്രി ഉറങ്ങാനുമുള്ളത്. ഊണിന് 150 രൂപയാണ് വില. എത്രവേണമെങ്കിലും ചപ്പാത്തിയും പച്ചക്കറിയും, ചോറും അച്ചാറുമുണ്ടാവും കഴിക്കാൻ. എല്ലാ ചിലവും കഴിഞ്ഞ്, കുടുംബം, ആഴ്ചയിൽ 5,000 രൂപമുതൽ 8,000 രൂപവരെ സമ്പാദിക്കുന്നു.
ഓഗസ്റ്റ് മാസമായിരുന്നു അത്. അർദ്ധരാത്രി കഴിഞ്ഞ്, യാത്രക്കാരെ കുത്തിനിറച്ച് ഒരു ടൂറിസ്റ്റ് ബസ്സ് ഹോംസ്റ്റേയുടെ പാർക്കിംഗ് ഏരിയയിൽ എത്തി. ബായിയുടെ മൂത്ത മകൻ ഭാസ്കർ ബദാദ് വാതിലിലേക്ക് ഓടിച്ചെന്ന്, സന്ദർശകരെ സ്വീകരിച്ച്, യാത്രക്കാർക്ക്, സാധനങ്ങൾ എവിടെ വെക്കണം, ഷൂസുകൾ എവിടെ ഊരിവെക്കണം, വീട്ടിലേക്ക് ഏതുവഴിയിലൂടെ കടക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ നൽകി സഹായിക്കുന്നു. ചെറിയ മരുമകൾ ആശ, സന്ദർശകർക്ക് ഇരിക്കാനുള്ള പായ വിരിക്കാനും, വെള്ളം നൽകാനും, ചായ കൊടുക്കാനും അമ്മായിയമ്മയെ സഹായിക്കുന്നു. യാത്രക്കാർ സ്വസ്ഥമായി ഇരുന്നതിനുശേഷം, അനസൂയബായിയുടെ ഭർത്താവ് നാഥു ബദാദ് അവരോട് സംസാരത്തിലേർപ്പെടുകയും, അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യുന്നു. ഭാസ്ക്കർ യാത്രക്കാർക്ക് പ്രാതൽ നൽകാൻ സഹായിക്കുന്നുണ്ടായിരുന്നു. പൊഹ എന്ന വിഭവമായിരുന്നു പ്രാതലിന് തയ്യാറാക്കിയിരുന്നത്. “2011-12 മുതൽ ടൂറിസ്റ്റുകളുടെ എണ്ണം കൂടിയിട്ടുണ്ട്”, ഭാസ്ക്കർ പറയുന്നു.
വാരാന്ത്യങ്ങളിൽ രണ്ട് ഭക്ഷണശാലകളും നടത്തുന്ന തിരക്കിലായിരിക്കുമെങ്കിലും ബാക്കിയുള്ള ദിവസങ്ങളിൽ അനസൂയബായിയും കുടുംബവും അവരുടെ 2.5 ഏക്കർ സ്ഥലത്ത് നെല്ല് കൃഷിചെയ്യുന്നുണ്ട്. “മുമ്പൊക്കെ ഞങ്ങൾക്ക് നാലോ അഞ്ചോ ചാക്ക് അരി കിട്ടുമായിരുന്നു. ഇപ്പോൾ കൂടുതൽ ആളുകളെ വെച്ചും, കൂടുതൽ ഫലഭൂയിഷ്ഠമായ വിത്തുപയോഗിച്ചും, 20-30 സഞ്ചി അരി ഞങ്ങൾ വിളവെടുക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും യത്രക്കാരെ ഊട്ടാൻ ഉപയോഗിക്കുന്നു”, 40 വയസ്സുള്ള ഭാസ്ക്കർ പറയുന്നു. ബാക്കിയുള്ള അരി, കുടുംബത്തിന്റെ ആവശ്യത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.


വാരന്ത്യത്തിൽ എത്തുന്ന അതിഥികൾക്കുള്ള സാധനങ്ങൾ വാങ്ങാനായി, അനസൂയബായി ഭാസ്ക്കറിനോടൊപ്പം, തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും രജൂറിലേക്ക് പോവും. പച്ചനയിയുടെ ഏറ്റവും അടുത്തുള്ള പട്ടണമാണ് രജൂർ. റോഡ് മുഴുവൻ കുഴികളാണ്. “രണ്ട് സ്ഥലങ്ങളും തമ്മിൽ 25 കിലോമീറ്റർ ദൂരമേയുള്ളൂവെങ്കിലും മോട്ടോർബൈക്കിൽ അങ്ങോട്ടേത്താൻ ഒന്നരമണിക്കൂറെടുക്കും”, ഭാസ്ക്കർ പറയുന്നു.
പച്ചനായി ഗ്രാമത്തിൽ 155-നടുത്ത് വീടുകളുണ്ട്. ജനസംഖ്യ 700-ഉം. പക്ഷേ സൌകര്യങ്ങൾ വളരെ കുറവാണെന്ന് താമസക്കാർ പറയുന്നു. റേഷൻ പോലും വരാറില്ല. “ഞങ്ങളുടെ ഗ്രാമത്തിന് റേഷൻ കിട്ടിയിട്ട് എത്രയോ കാലമായി”, അനസൂയബായ് പറയുന്നു. അതിനാൽ നാട്ടുകാർതന്നെ പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങി. ഗ്രാമത്തിലെ കിണറ്റിലെ വെള്ളം കുടിക്കാൻ പറ്റാതെ മോശമായപ്പോൾ, “മല കയറാൻ ഗ്രാമത്തിലേക്ക് വരുന്ന വണ്ടിക്കാരിൽനിന്ന് ഞങ്ങൾ ഒരു രൂപയും രണ്ട് രൂപയും കമ്മീഷൻ വാങ്ങാൻ തുടങ്ങി. അതുപയോഗിച്ച് അടുത്തുള്ള ഒരു വെള്ളച്ചാട്ടത്തിൽനിന്ന് മോട്ടോറും പൈപ്പുകളും ഉപയോഗിച്ച് വെള്ളം കൊണ്ടുവന്നു”, നാഥു പറയുന്നു. ഈയിടെയായി, വനംവകുപ്പ് പൊതുശൌചാലയങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
സമീപത്തുള്ള കോത്തലെയിലാണ് അനസൂയബായ് ജനിച്ചത്. 16 വയസ്സിൽ നാഥുവിനെ വിവാഹം കഴിച്ച്, പച്ചനയിലെ അയാളുടെ വീട്ടിലേക്ക് താമസം മാറ്റി. അവരുടെ കൂട്ടുകുടുംബം പതുക്കെപ്പതുക്കെ അണുകുടുംബമായി മാറുകയും, ചിലർ, കൂടുതൽ മെച്ചപ്പെട്ട ജോലിയന്വേഷിച്ച് അടുത്തുള്ള പട്ടണങ്ങളിലേക്ക് കുടിയേറാനും തുടങ്ങി. “ആയി ഞങ്ങളുടെ പാടത്ത് പണിയെടുത്തു. അതോടൊപ്പം, സമീപഗ്രാമങ്ങളായ നാരായൺഗാംവിൽ പോയി കാർഷികത്തൊഴിലാളിയായി ദിവസക്കൂലിക്കും ജോലി ചെയ്തു. 12 മണിക്കൂർ ജോലിയെടുത്ത് ദിവസത്തിൽ 40-50 രൂപ സമ്പാദിച്ചിരുന്നു”, ഭക്ഷണശാലകൾ തുടങ്ങുന്നതിന് മുമ്പുള്ള ജീവിതത്തെക്കുറിച്ച് ഭാസ്ക്കർ സൂചിപ്പിച്ചു.


ഹരിശ്ചന്ദ്രഗഢിലേക്കുള്ള കയറ്റം ദുഷ്കരമാണെന്ന് മലകയറ്റക്കാർപോലും സമ്മതിക്കുന്നുണ്ട്. വലിയ പാറക്കല്ലുകളിലൂടെ കുത്തനെയുള്ള കയറ്റമാണ്. പടവുകളൊന്നുമില്ല; വെള്ളച്ചാട്ടത്തിന്റെ ഭാഗങ്ങളിലെ നനഞ്ഞ പ്രദേശങ്ങൾ അപകടഭീഷണി വർദ്ധിപ്പിക്കുന്നു. ചില ഭാഗങ്ങളിലെത്തുമ്പോൾ കൈയ്യിലുള്ള സഞ്ചികൾ മാറ്റി, നാലുകാലിൽ ഇഴയേണ്ടിയുംവരും. എന്നാലും അനസൂയബായ്, തലയിൽ ചുമട് ബാലൻസ് ചെയ്ത്, വടി കുത്തി, നടുനിവർത്തിതന്നെ കയറ്റം കയറും.
ഈവർഷം ആദ്യം അനസൂയബായ്, കോട്ടയുടെ കൊകൻകഡ കൊക്കയുടെ (1,800 അടി ഉയരം), 500 അടി താഴേക്ക് ഇറങ്ങുകയുണ്ടായി. “ഞാൻ ഏറെ നാളായി ആഗ്രഹിച്ചിരുന്നതാണ് അത്. എന്നാൽ പ്രായമായ ഒരു സ്ത്രീ പറയുന്നത് ആരെങ്കിലും ഗൌരവമായി എടുക്കുമോ?”


ഈ കഥ ചെയ്യുന്നതിന് സഹായിച്ച ഗണേഷ് ഗീഥിനോടും ഭാസ്ക്കർ ബദാദിനോടുമുള്ള നന്ദി വിദ്യാർത്ഥികളായ റിപ്പോർട്ടർമാർ അറിയിക്കുന്നു.
പാരി ഹോം പേജിലേക്ക് പോവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Editor's note
മുംബൈയിലെ സെന്റ് സേവ്യേഴ്സ് കൊളേജ് (ഓട്ടോണമസ്) മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം അവസാനവർഷ വിദ്യാർത്ഥിയാണ് റുതുജ ഗൈഥാനി. ശുഭം റസൽ താനെയിലെ സതീഷ് പ്രധാൻ ഗ്യാൻസാധന കൊളേജിൽനിന്ന് 2021-ൽ ബിരുദമെടുത്തു. അവർ പറയുന്നത് കേൾക്കുക: “ഞങ്ങൾക്ക് അറിയാമായിരുന്നതും എന്നാൽ തിരിച്ചറിയാതിരുന്നതുമായ ഒരു ലോകമാണ് ഈ കഥ ഞങ്ങൾക്കായി തുറന്നുതന്നത്..ഈ കഥയിലെ ഗ്രാമീണർ, അവരുടെ പ്രശ്നങ്ങളെ മറ്റൊരു തലത്തിൽ കാണാൻ ഞങ്ങളെ സഹായിച്ചു.
പരിഭാഷ: രാജീവ് ചേലനാട്ട്
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനുശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി കുറച്ചുകാലം ജോലി ചെയ്തു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.