ഈ സ്റ്റോറി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതും എഴുതപ്പെട്ടതും മലയാളത്തിലാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ട് നൽകുന്നവർ അവരവർക്ക് താത്പര്യമുള്ള ഭാഷയിലാണ് എഴുതുന്നതും ചിത്രീകരിക്കുന്നതും.

“ഈ ചൂലുപയോഗിച്ച് അരിയിലുള്ള പൊടി നല്ലവണ്ണം നീക്കാനാകും,” മാനന്തവാടി താലൂക്കിലെ എടവക ഗ്രാമക്കാരനും ഗവേഷകനുമായ 41 വയസ്സുകാരൻ പ്രതീഷ് കെ.ആർ പറയുന്നു. കുറുന്തോട്ടി ചെടിയുടെ പുല്ലുപോലെയുള്ള തണ്ടുകൊണ്ട് ഉണ്ടാക്കുന്ന, അതേ പേരിൽത്തന്നെ അറിയപ്പെടുന്ന കുറുന്തോട്ടി ചൂലിനെക്കുറിച്ചാണ് പ്രതീഷ് പറയുന്നത്. ഈ ചൂൽകൊണ്ട് അരിയുടെ മുകളിലൂടെ പലതവണ അടിച്ചുവാരിയാണ് അതിലെ പുല്ലും പൊടിയും കളയുന്നത്. “വേറെ ഏത് ചൂൽ ഉപയോഗിച്ചാലും ഇത്ര നന്നായി പൊടി മാറ്റാനാകില്ല,”, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വയനാട്ടിൽ, പുതുതായി കൊയ്തെടുത്ത നെല്ല് വൃത്തിയാക്കാൻ കുറുന്തോട്ടി ചൂലാണ് കൂടുതലും ഉപയോഗിക്കുന്നത്. എന്നാൽ വീട്ടാവശ്യങ്ങൾക്കും അവ പ്രയോജനപ്പെടാറുണ്ട്. വയനാട്ടിലെ വീടുകൾക്ക് പൊതുവെ നിറയെ മരങ്ങളുള്ള വലിയ മുറ്റമാണ് ഉണ്ടാകുക. “കുറുന്തോട്ടി ചൂലുകൊണ്ട് മുറ്റത്ത് വീണുകിടക്കുന്ന ഉണങ്ങിയ ഇലകൾ അടിച്ചുകൂട്ടാനാകും,” തിരുനെല്ലി ഗ്രാമത്തിലെ അപ്പപ്പാറ പ്രദേശവാസിയായ ജോസ്മി എം.ജെ പറയുന്നു. എന്നാൽ വേനൽക്കാലത്താണ് ഇത് കൂടുതലും സാധ്യമാകുക.

“ഈർക്കില ചൂലുകളോ പനമ്പട്ട കൊണ്ടുണ്ടാക്കുന്ന ചൂലുകളോ വച്ച് അടിച്ചുവാരിയാൽ, അതിന്റെ കൂർത്ത അറ്റം മണ്ണിൽ താഴും,” 24- വയസ്സുകാരിയായ ജോസ്മി ഞങ്ങളോട് പറയുന്നു. കുറുന്തോട്ടി ചൂലുകൾക്ക് നനുത്ത അറ്റമായത് കൊണ്ട് അവ ഉപയോഗിക്കാനാണ് എല്ലാവരും താല്പര്യപ്പെടുന്നത്. “മഴക്കാലത്ത്, മുറ്റമാകെ വെള്ളം നിറഞ്ഞ് ചേറാകും. അപ്പോൾ ഈ ചൂൽ ഉപയോഗിക്കാൻ പറ്റില്ല,” അവർ കൂട്ടിച്ചേർക്കുന്നു. മൃദുവായ അറ്റമുള്ള ചൂൽ കൊണ്ട്, നനഞ്ഞ്, കുഴഞ്ഞ് കിടക്കുന്ന നിലം വൃത്തിയാക്കാനാകില്ല.

വയനാടിലെ അഞ്ചുകുന്ന് ഗ്രാമത്തിലെ നിസാർ കാഞ്ഞായി, കുറുന്തോട്ടിയുടെ തണ്ടുകൾ പറിച്ച്, ഉണക്കി ചൂലുകൾ ഉണ്ടാക്കാൻ തക്കവണ്ണം ചെടികൾക്ക് മൂപ്പെത്തിയോ എന്ന് പരിശോധിക്കുന്നു. ചിത്രം: സ്വഫ്‌വാന എൻ

“ഈയിടെയായി കാലാവസ്ഥയിൽ വന്ന മാറ്റം ചെടിയുടെ വളർച്ചാഗതിയെ ബാധിച്ചിട്ടുണ്ട്,”, അടിയാൻ ആദിവാസി സമുദായാംഗമായ ജോസ്മി പറയുന്നു.

നേരത്തെ, കാട്ടിൽ തഴച്ചു വളർന്നിരുന്ന കുറുന്തോട്ടി ചെടി ഇപ്പോൾ ചില പ്രദേശങ്ങളിൽ മാത്രമാണ് കാണാനാകുന്നതെന്ന് അവർ കൂട്ടിച്ചേർക്കുന്നു. “ചെടികളിൽനിന്ന് വിത്ത് നിലത്ത് വീണ് പുതിയ ചെടി കിളിർക്കുന്നതിന് മുൻപേ അവ പറിച്ചെടുക്കുകയാണ് പതിവ്. എന്നാൽ ഇപ്പോൾ ആളുകൾ വിത്തുകൾ ശേഖരിച്ച് നടുന്നത് ഒരു സാധാരണ കാഴ്ചയാണ്,” അവർ പറയുന്നു

അഞ്ചുകുന്ന് ഗ്രാമത്തിലെ നിസാർ കാഞ്ഞായി തന്റെ വീടിന് പുറത്ത് ഉണക്കാനിട്ടിരുന്ന കുറുന്തോട്ടി തണ്ടുകൾ ശേഖരിക്കുകയാണ്. ഈ ഉണങ്ങിയ തണ്ടുകൾ ചേർത്തുവെച്ചാണ് ചൂലുണ്ടാക്കുന്നത്. നീണ്ട്, നേർത്ത കുറുന്തോട്ടി ചെടികൾ അദ്ദേഹത്തിന്റെ കൃഷിയിടത്തിൽനിന്നുതന്നെയാണ് ലഭിക്കുന്നത്. വർഷത്തിലൊരിക്കൽ വിളവെടുക്കുന്ന ഈ ചെടികളുടെ തണ്ടുകൾ മാത്രമാണ് ചൂലുണ്ടാക്കാൻ ഉപയോഗിക്കുന്നത്.

“വയനാട്ടിലെ ആളുകൾ ഇന്നും കുറുന്തോട്ടി ചൂലുകൾ ഉപയോഗിക്കുന്നുണ്ട്,” കൃഷിക്കാരനായ 38 വയസ്സുകാരൻ നിസാർ പറയുന്നു. കപ്പ, വാഴ, ഇഞ്ചി എന്നീ നാണ്യവിളകളും അദ്ദേഹം തന്റെ ഒരേക്കർ കൃഷിയിടത്തിൽ കൃഷി ചെയ്യുന്നുണ്ട്.

മഴക്കാലത്താണ് കുറുന്തോട്ടി ചെടി വളരുന്നത്. “കാലവർഷം കഴിയുന്നതോടെ (സെപ്റ്റംബറിൽ) കുറുന്തോട്ടി വിളവെടുക്കും,” അദ്ദേഹം പറയുന്നു. ചെടികൾ വെയിലത്ത് ഉണക്കിക്കെട്ടി ചൂലുകൾ ഉണ്ടാക്കും. “ബാക്കി വരുന്ന ഉണങ്ങിയ തണ്ടുകൾ കൂട്ടിവെച്ച്, അടുക്കളയിൽ അടുപ്പിന് മുകളിലായി അടുക്കിവെക്കും. ഇങ്ങനെ തണുക്കാതിരിക്കുന്ന തണ്ടുകൾ പിന്നീട് ഉപയോഗിക്കാനാകും,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഈയിടെയായി, കൈ കൊണ്ടുണ്ടാക്കുന്ന തന്റെ കുറുന്തോട്ടിച്ചൂലുകൾ ഒന്നിന് 80 രൂപ നിരക്കിൽ നിസാർ അടുത്തുള്ള അങ്ങാടിയിൽ വിൽക്കുന്നുണ്ട്. “സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൊടുക്കാനുള്ളത് മാത്രമേ എന്റെ കയ്യിലുള്ളൂ. എന്നാൽ ഇപ്പോൾ കുറുന്തോട്ടി ചൂലിന് ആവശ്യക്കാരേറെയാണ്,” നിസാർ പറയുന്നു. മുൻപത്തേതുപോലെ കുറുന്തോട്ടി ഇപ്പോൾ വളരുന്നില്ല എന്നതുകൊണ്ടുതന്നെ ചൂലിന് ആവശ്യക്കാർ കൂടുതൽ ഉണ്ടാകുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

നീലഗരി സംരക്ഷിത ജൈവമേഖലയിലെ പ്രദേശവാസികളും തനത് ഗോത്രസമൂഹവും റിപ്പോർട്ട് ചെയ്യുന്ന പരമ്പരയിൽ ഉൾപ്പെട്ട ഒരു ലേഖനമാണിത്. തങ്ങൾക്ക് ചുറ്റുമുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ രേഖപ്പെടുത്തുകയാണ് അവർ. എർത്ത് ജേണലിസം നെറ്റ് വർക്കിന്റേയും പാരിയുടേയും സഹകരണത്തിന്റെ പിന്തുണയോടെ കീസ്റ്റോൺ ഫൗണ്ടേഷൻ നടത്തുന്ന പ്രോജക്ടിന്റെ ഭാഗമാണ് ഈ ലേഖനം.

പാരി ഹോം പേജിലേക്ക് പോവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Editor's note

സ്വഫ്‌വാന എൻ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. എഴുത്തിനോട് താത്പര്യമുള്ള അവർ, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടേയും (പാരിയും) എർത്ത് ജേണലിസം നെറ്റ്‌വർക്കിന്റെയും പിന്തുണയോടെ കീസ്റ്റോൺ ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന ഹ്രസ്വകാല പരിസ്ഥിതി ജേണലിസം പരിശീലന കോഴ്സിൽ ചേർന്നു.

"കുറുന്തോട്ടിച്ചൂൽ എന്നത്, വയനാടിന്റെ തനതായ ശീലങ്ങളിലൊന്നാണ്. കാലവർഷവുമായി അഭേദ്യമായ ബന്ധമുള്ളതുമാണ് അത്. മറ്റ് വായനക്കാരിലേക്ക് ഇത് എത്തിക്കുന്നതിനാണ് ഞാൻ ഈ വിഷയം തിരഞ്ഞെടുത്തത്” എന്ന് പറയുന്നു സ്വഫ്‌വാന.

പരിഭാഷ: പ്രതിഭ ആർ.കെ.

ഹൈദരാബാദിലെ കേന്ദ്ര സർവ്വകലാശാലയിൽനിന്നും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവർത്തിക്കുന്നു.