
2020 സെപ്റ്റംബറിൽ ഷസേയ അക്തർ അവളുടെ ഗ്രാമത്തിൽനിന്ന് പത്താം ക്ലാസ് പരീക്ഷ വിജയിക്കുന്ന ആദ്യത്തെ പെൺകുട്ടിയായി മാറി. “ഞാൻ ആ ലക്‌ഷ്യം നേടിയിരിക്കും“ എന്ന് ഞാൻ എന്നോടുതന്നെ പറഞ്ഞിരുന്നു.”
ഷുഹാമയിൽ സർക്കാർ നടത്തുന്ന ബോയ്സ് ഹൈസ്കൂളിലായിരുന്നു അവളുടെ പഠനം. ദിഗ്‌നിബാലിലെ വീട്ടിൽനിന്ന് സ്കൂളിലേക്കും തിരിച്ചുമുള്ള 10 കിലോമീറ്റർ ദൂരം അവൾ നടന്നാണ് താണ്ടിയിരുന്നത്. ചെങ്കുത്തായ റോഡിലൂടെയുള്ള ആ യാത്ര ഏറെ ദുഷ്ക്കരമായിരുന്നു. “പല ദിവസങ്ങളിലും സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോഴേക്കും ഞാൻ തളർന്നുപോകും. പിന്നെ പഠിക്കാനോ ശ്രദ്ധ കേന്ദ്രീകരിക്കാനോ സാധിക്കില്ല. ഒടുവിൽ ഞാൻ പുസ്തകങ്ങൾ എല്ലാം മടക്കിവെക്കുകയും ചെയ്യും.”, ആ പത്തൊൻപത് വയസ്സുകാരി പറയുന്നു.
ഷസേയയുടെ രക്ഷിതാക്കളോ -പിതാവ് 65 വയസ്സുകാരനായ അബ്ദുൾ ഗനെയ് ഹജാമും മാതാവ് 60 വയസ്സുകാരിയായ താജാ ബീഗവും – സഹോദരങ്ങളോ സ്കൂളിൽ പോയിട്ടേയില്ല. അവളുടെ രണ്ടു സഹോദരന്മാരും -30 വയസ്സുകാരനായ താരീഖും 27 വയസ്സുള്ള മുഷ്താഖും – അവരുടെ പിതാവിന്റെ പാത തുടർന്ന് ദിവസക്കൂലിക്കാരായി ജോലി ചെയ്യുകയാണ്. കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താനായി “അവർ സമ്പാദിക്കേണ്ടത് അത്യാവശ്യമായിരുന്നു.”, ഷസേയ പറയുന്നു.
ഷസേയയുടെ മുതിർന്ന സഹോദരന്മാർ വളർന്നുവരുന്ന കാലത്ത്, ഏറ്റവുമടുത്ത പ്രാഥമിക വിദ്യാലയത്തിലെത്താൻ 4 കിലോമീറ്റർ ദൂരം ചെങ്കുത്തായ പാതയിലൂടെ മുകളിലേയ്ക്ക് നടന്നുകയറണമായിരുന്നു. അതുകൊണ്ടുതന്നെ, തങ്ങളുടെ ഗ്രാമത്തിന് സമീപത്തായി ഒരു സ്കൂൾ ഉണ്ടാകണമെന്ന് ഗ്രാമീണർ ഏറെ ആഗ്രഹിച്ചു. “ഈ സ്കൂളിന് വേണ്ടി (സ്കൂൾ തുടങ്ങാനുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട്) ഞങ്ങൾ ഏറെ പ്രയത്നിച്ചിട്ടുണ്ട്. 2001ൽ ഞങ്ങൾ ഡയറക്റ്ററേറ്റിൽ (സ്കൂൾ വിദ്യാഭ്യാസ ഡയറക്റ്ററേറ്റ്) ചെന്ന്, ഞങ്ങൾക്ക് ഇവിടെ ഒരു സ്കൂൾ സ്ഥാപിച്ചുതരണമെന്ന് ആവശ്യപ്പെടുകയുണ്ടായി. “ദിവസക്കൂലിക്ക് ഷാളുകളിൽ ചിത്രത്തുന്നൽ ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന താരീഖ് പറയുന്നു. അവരുടെ പ്രയത്നഫലമായി 2002ൽ ദിഗ്‌നിബാലിൽ ഗവണ്മെന്റ് ബോയ്സ് പ്രൈമറി സ്കൂൾ സ്ഥാപിക്കപ്പെട്ടു. “ഞങ്ങളുടെ മുന്നിലെ അടുത്ത വെല്ലുവിളി അധ്യാപകരെ കണ്ടെത്തുകയായിരുന്നു.”, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.


ആദ്യത്തെ കുറച്ച് വർഷങ്ങളിൽ, സ്കൂളിലെ വിദ്യാർത്ഥികളെ എല്ലാവരെയും പഠിപ്പിക്കാൻ ഒരു പുരുഷ അധ്യാപകനെ ഏർപ്പാടാക്കിയിരുന്നു. എന്നാൽ ദിഗ്‌നിബാലിലേക്കുള്ള കുത്തനെയുള്ള കയറ്റം പലരേയും പിന്തിരിപ്പിച്ചു. ദിഗ്‌നിബാലിൽ 350-ന് മീതെ താമസക്കാരുണ്ടെന്ന് മൻസൂർ അഹമ്മദ് മിർ എന്ന പ്രായമായ ഒരാൾ സൂചിപ്പിച്ചു. സ്കൂളിന്റെ രണ്ടു കെട്ടിടങ്ങളുടെയും മഞ്ഞപ്പെയിന്റടിച്ച ചുവരുകളിൽ കവി ഇക്ബാൽ, നെൽസൺ മണ്ടേല എന്നിങ്ങനെയുള്ള പ്രശസ്ത വ്യക്തിത്വങ്ങൾ പറഞ്ഞ പ്രചോദനാത്മകമായ വാക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാന കെട്ടിടത്തിന്റെ പ്രവേശനകവാടത്തിൽ ‘വിദ്യയുടെ ആലയം’ എന്ന് അർഥം വരുന്ന ‘ഇൽമുക് അഗർ‘ എഴുതിയത് കാണാം. നിർഭാഗ്യവശാൽ, ഇവിടെനിന്ന് പഠിച്ചിറങ്ങിയവരിൽ വളരെ കുറച്ചുപേർക്കുമാത്രമേ തങ്ങളുടെ വിദ്യാഭ്യാസം തുടരാനായിട്ടുള്ളൂ.
2008ൽ സ്കൂളിൽ ചേരാനെത്തിയ ആദ്യത്തെ പെൺകുട്ടികളിൽ ഒരാളായിരുന്നു ഷസേയ. അതുവരെ പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭ്യമായിരുന്ന സ്കൂളിനെ ഗവണ്മെന്റ് ബോയ്സ് മിഡിൽ സ്കൂൾ ആക്കി ഉയർത്തി, എട്ടാം തരംവരെ ക്ലാസുകൾ ഏർപ്പെടുത്തിയ വർഷമാണ് ഷസേയ അവിടെ കിന്റർഗാർട്ടൻ വിഭാഗത്തിൽ ചേർന്നത്. സ്കൂളിൽ ഷസേയയുടെ അധ്യാപകനായിരുന്ന ബിലാൽ വാനി അവൾ ഒരു മികച്ച വിദ്യാർത്ഥിനിയായിരുന്നെന്ന് ഓർമ്മിക്കുന്നു.
കാശ്മീരിലെ ഗന്ധർബാൽ ജില്ലയിലുള്ള ദിഗ്‌നിബാൽ ഗ്രാമത്തിൽ അധികവും തകരഷീറ്റുകൊണ്ട് മേഞ്ഞ, ഒറ്റനില വീടുകളാണുള്ളത്. ഏറ്റവും അടുത്തുള്ള പട്ടണത്തിലേക്ക് – തലസ്ഥാന നഗരമായ ശ്രീനഗർ -നീളുന്ന വളവുകളേറെയുള്ള വഴി മിക്കപ്പോഴും വിജനമായിരിക്കും. ഗ്രാമത്തിൽ മാലിക് മൊഹല്ല അവസാനിക്കുന്നിടത്താണ് ഷസേയ ആറ് അംഗങ്ങളുള്ള തന്റെ കുടുംബത്തോടൊപ്പം താമസിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ തകര ഷീറ്റുകൾകൊണ്ട് അതിരു കെട്ടിയ അവളുടെ രണ്ടുമുറി വീടിനുചുറ്റും നിറയെ വാൾനട്ട് മരങ്ങളും കീക്കാർ മരങ്ങളുമാണ്.
ഗ്രാമത്തിലെ സ്കൂളിൽനിന്ന് എട്ടാം തരം പാസ്സായതിനുശേഷം ഷസേയ മറ്റു രണ്ടു പെൺകുട്ടികൾക്കൊപ്പം അഞ്ചു കിലേമീറ്ററകലെ, ഷുഹാമയിലുള്ള ബോയ്സ് ഹൈസ്കൂളിൽ പ്രവേശനം നേടുകയും അവിടെനിന്ന് പത്താം ക്ലാസ് പൂർത്തിയാക്കുകയും ചെയ്തു. സ്കൂളിൽവെച്ച് ഏറ്റവും അച്ചടക്കമുള്ള വിദ്യാർത്ഥിക്ക് ഏർപ്പെടുത്തിയ അവാർഡ് നേടിയത് അവളുടെ സന്തോഷപൂർണ്ണമായ ഓർമ്മകളിലൊന്നാണ്.

രാവിലെ 6 മണിക്ക് എഴുന്നേറ്റ് വീട് വൃത്തിയാക്കലും പാചകവുമെല്ലാം കഴിഞ്ഞാണ് ഷസേയ സ്കൂളിലേയ്ക്ക് പോയിരുന്നത്. അവളുടെ അമ്മയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നതിനാൽ വീട് നോക്കേണ്ട ഉത്തരവാദിത്വം ഷസേയയ്ക്കും താരീഖിന്റെ ഭാര്യയായ ഹജ്‌റയ്ക്കുമാണ്. “ചില സന്ദർഭങ്ങളിൽ പശുക്കളെ പരിപാലിക്കേണ്ട ജോലിയും എനിക്കായിരുന്നു. ഭാഭി (സഹോദര ഭാര്യ) വീട്ടിലില്ലാത്ത ദിവസങ്ങളിൽ ഞാൻ തന്നെ എല്ലാ ജോലിയും ചെയ്യേണ്ടിവരും. അങ്ങനെ പല ദിവസങ്ങളിലും എനിക്ക് രാവിലത്തെ അസ്സംബ്ലിയിൽ പങ്കെടുക്കാൻ പറ്റാതെ പോയിട്ടുണ്ട്.”, ഹൈസ്കൂൾ ദിനങ്ങൾ ഓർത്തുകൊണ്ട് അവൾ പറയുന്നു. പലപ്പോഴും വീട് നോക്കാനായി അവൾക്ക് സ്കൂളിൽനിന്ന് അവധി എടുക്കേണ്ടിയും വന്നിട്ടുണ്ട്.
ഹൈസ്കൂളിലെ അധ്യാപകർ ഷസേയയെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നത് ഒരു അനുഗ്രഹമായിരുന്നു. “എട്ടാം ക്ലാസ് വരെ ഞാൻ ഒരു അധ്യാപികയെപ്പോലും കണ്ടിട്ടുണ്ടായിരുന്നില്ല; എന്നാൽ ഈ സ്കൂളിൽ നിരവധി അധ്യാപികമാരുണ്ടായിരുന്നു. അവർ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഞങ്ങളെ മുന്നോട്ട് നയിച്ചു.”, അവൾ പറയുന്നു. സ്കൂളിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ 150 രൂപ ഇല്ലാത്തതിനാൽ പഠനം നിർത്തിപ്പോകാൻ സാധ്യതയുള്ള വിദ്യാർത്ഥികളെ സഹായിക്കാനായി, “ഞങ്ങളുടെ ടീച്ചർ ക്ലാസ് നോട്ടുകൾ പ്രദേശത്തെ കടയിൽ ഏൽപ്പിക്കുകയും ഞങ്ങൾ അവിടെനിന്ന് അതിന്റെ കോപ്പികൾ എടുക്കുകയും ചെയ്യുമായിരുന്നു.”, ഷസേയ പറയുന്നു.
ഷസേയ പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയത്താണ് കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും സ്കൂളുകൾ അടച്ചിടുകയും ചെയ്തത്. അവളുടെ ഗ്രാമത്തിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമല്ലാതിരുന്നതിനാൽ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുക സാധ്യമായിരുന്നില്ല. (ആ വർഷം അവസാനത്തോടെയാണ് ഗ്രാമത്തിൽ ഇന്റർനെറ്റ് എത്തിയത്)” എനിക്ക് ഓൺലൈൻ ക്ലാസ്സുകളിൽ ഒന്നിലും കയറാൻ പറ്റിയില്ല.”, അവൾ പറയുന്നു. എന്നാൽ പരീക്ഷ ജയിക്കണമെന്ന ദൃഢനിശ്ചയത്തോടെ അവൾ അയൽക്കാരനായ ഷൗക്കത്ത് അഹമ്മദിനോട് തന്നെ പഠനത്തിൽ സഹായിക്കാൻ ആവശ്യപ്പെട്ടു. അവരുടെ ഗ്രാമത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആകെ 3 ആൺകുട്ടികളിൽ ഒരാളായിരുന്നു ഷൗക്കത്ത്. അദ്ദേഹം ഷസേയയെ അകമഴിഞ്ഞ് സഹായിക്കുകയുണ്ടായി. തൊട്ടടുത്തുതന്നെ കെട്ടിടം പണി നടക്കുന്ന സ്ഥലത്ത് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന ഷൗക്കത്ത് എല്ലാ ദിവസവും ജോലി കഴിഞ്ഞ് തന്റെ വീട്ടിൽവെച്ചാണ് അവളെ പഠിപ്പിച്ചിരുന്നത്.


“2020ൽ പരീക്ഷയുടെ റിസൽട്ട് വന്ന്, ഞാൻ വിജയിച്ചെന്നറിഞ്ഞപ്പോൾ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇനി അഥവാ ഞാൻ വിജയിച്ചിരുന്നില്ലെങ്കിൽ, ഞാൻ പിന്നെയും ശ്രമിക്കുമായിരുന്നു.”, അവൾ പറയുന്നു. അന്ന് പരീക്ഷയിൽ ജയിച്ച ഒരേയൊരു പെൺകുട്ടിയെ രക്ഷിതാക്കളും അധ്യാപകരും അയൽക്കാരുമെല്ലാം അനുമോദിച്ചത് ഓർക്കുമ്പോൾ ഇന്നും അവളുടെ ചുണ്ടിൽ പുഞ്ചിരി വിടരുന്നുണ്ട്.
“അവൾ എന്തോ ഒന്ന് നേടിയിരിക്കുന്നുവെന്ന് ഞങ്ങൾക്ക് അനുഭവപ്പെട്ടു. എല്ലാവരും ഞങ്ങളെ ബഹുമാനിക്കുന്നതായി തോന്നി.”, താരീഖ് പറയുന്നു.
മറികടക്കാനാകാത്ത കടമ്പകൾ
എന്നാൽ പരീക്ഷയിൽ ജയിച്ച ‘ഒരേയൊരു’ പെൺകുട്ടിയായത് പിന്നീട് ഷസേയയ്ക്കുതന്നെ ദോഷമായി ഭവിച്ചു. വീട്ടിൽനിന്ന് 5 കിലോമീറ്റർ അകലെ, ഖിമ്പറിലുള്ള ഹയർ സെക്കണ്ടറി സ്കൂളിൽ പതിനൊന്നാം ക്ലാസ്സിൽ പഠിക്കാൻ പോകാൻ അവൾക്ക് ആരും കൂട്ടുണ്ടായിരുന്നില്ല.
“ഏറെ ദൂരത്തുള്ള സ്കൂളിലേയ്ക്ക് ഞാൻ ഒറ്റയ്ക്ക് പോകേണ്ടി വരുമെന്നതുകൊണ്ട് അവർ (വീട്ടുകാർ) എന്നോട് പഠനം നിർത്താൻ ആവശ്യപ്പെട്ടു.”, അവൾ പറയുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തലനുസരിച്ച് 2019-2020 കാലയളവിൽ ഇന്ത്യയിലെ സെക്കണ്ടറി സ്കൂളുകളിൽനിന്ന് 15.1 ശതമാനം പെൺകുട്ടികൾ പഠനം മതിയാക്കി പോയിട്ടുണ്ട്- ജമ്മു ആൻഡ് കാശ്മീരിൽ ഇത് 16.7 ശതമാനമാണ്. ദിഗ്‌നിബാൽ പോലെയുള്ള വിദൂര പ്രദേശങ്ങളിൽ വിദ്യാഭ്യാസം നേടാൻ അവസരമുണ്ടാകുക എന്നത് ഇന്നും ഒരു വെല്ലുവിളിയാണ്.
കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടിയെ ദൂരെയുള്ള സ്കൂളിലേയ്ക്ക് അയക്കാൻ കുടുംബത്തിനുണ്ടായ വൈമുഖ്യം വിശദീകരിച്ചുകൊണ്ട് താരീഖ് പറയുന്നു: “സ്കൂൾ ഏറെ അകലെയായിരുന്നു എന്നുമാത്രമല്ല അവിടേയ്ക്കെത്താൻ ഗതാഗതമാർഗ്ഗങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നതുമില്ല. പൊതുഗതാഗത സംവിധാനം ഉണ്ടായിരുന്നെങ്കിൽ അവളെ പറഞ്ഞയക്കാൻ ഞങ്ങൾക്ക് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല.” പഠനം നിർത്തേണ്ടിവന്ന സമയത്ത് കഠിനമായ നിരാശ അനുഭവപ്പെട്ടത് ഷസേയ ഇപ്പോഴുമോർക്കുന്നു.


പഠനം നിർത്തേണ്ടിവന്നത് താല്കാലികമാണെന്നും തൊട്ടടുത്ത വർഷം തന്റെ കൂട്ടുകാരികൾ പതിനൊന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടുമ്പോൾ അവരോടൊത്ത് സ്കൂളിൽ പോകാമെന്നുമായിരുന്നു ഷസേയയുടെ കണക്കുകൂട്ടൽ. അത് പ്രതീക്ഷിച്ചിരിക്കുന്ന കാലയളവിൽ അവൾ സഹോദരൻ താരീഖിൽനിന്നും കാശ്മീരി ചിത്രത്തുന്നൽ വിദ്യയായ സോസ്‌നി പഠിച്ചെടുത്തു. ദിവസക്കൂലിക്ക് പാശ്‌മിന ഷാളുകളിൽ ചിത്രത്തുന്നൽ ചെയ്യുന്ന ജോലിക്ക് പോയിത്തുടങ്ങുകയും ചെയ്തു.
എന്നാൽ അടുത്ത വർഷം, 2021ൽ അവളുടെ കൂട്ടുകാരികൾക്ക് പ്രവേശനം നേടാൻ കഴിയാതെവന്നതോടെ, തന്നെ സ്കൂളിലേയ്ക്ക് അയക്കണമെന്ന് ഷസേയ നിർബന്ധം പിടിച്ചു. ‘എന്റെ കൂട്ടുകാർക്ക് എന്നെപ്പോലെ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല. വീട്ടിൽ കഴിയേണ്ടിവരുമെന്നും വേറെ വഴിയൊന്നുമില്ലെന്നും അവർക്കറിയാം. പക്ഷെ എന്നെ പഠിക്കാൻ വിടണമെന്ന് ഞാൻ വീട്ടുകാരോട് കരഞ്ഞ് അപേക്ഷിച്ചു. പഠിക്കണമെന്ന എന്റെ ആഗ്രഹം അത്രയും ശക്തമായിരുന്നു.”, ഷസേയ പറയുന്നു.
എന്നാൽ ഷസേയയുടെ അനുഭവം അസാധാരണമൊന്നുമല്ലെന്നാണ് ഗ്രാമത്തിലെ മുതിർന്നയാളും, എട്ടാം ക്ലാസ്സിൽവെച്ച് പഠനം നിർത്തേണ്ടിവന്ന ഒരു പെൺകുട്ടിയുടെ അച്ഛനുമായ മൻസൂർ അഹമ്മദ് മീർ പറയുന്നത്. “ഖിമ്പറിലോ ബാകൂറയിലോ ഉള്ള സ്കൂളിൽ രാവിലെ മകളെ കൊണ്ടുവിട്ടശേഷം എനിക്ക് ജോലിക്ക് പോകാൻ കഴിയുമായിരുന്നു. പക്ഷെ വൈകീട്ട് സ്കൂൾ വിടുന്ന നേരത്ത് ഞാൻ ജോലിസ്ഥലത്ത് ആകുമെന്നതുകൊണ്ട് അവളെ തിരികെ കൊണ്ടുവരാൻ സാധിക്കില്ല. അങ്ങനെയാണ് അവൾ വീട്ടിൽ ഒതുങ്ങിപ്പോയത്.”, അദ്ദേഹം പറയുന്നു.
ഒടുവിൽ 2021 മാർച്ച് 21നു ഷസേയയെ ഖിമ്പറിലുള്ള ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പതിനൊന്നാം ക്ലാസ്സിൽ ചേർത്തു. എല്ലാ ദിവസവും അവളുടെ പിതാവോ സഹോദരന്മാരിൽ ഒരാളോ അവളോടൊപ്പം 4 കിലോമീറ്റർ നടന്ന് ബാകൂറ വരെ പോകും. അവിടെനിന്ന്, ഷസേയ പഠിക്കുന്ന അതേ സ്കൂളിലേയ്ക്ക് പോകുന്ന വേറെ പെൺകുട്ടികൾക്കൊപ്പം അവൾ ബാക്കി ദൂരം പോകും. ബാകുറയിൽനിന്ന് സ്കൂളിലേക്കുള്ള 3 കിലോമീറ്റർ ദൂരം ബസിലോ അല്ലെങ്കിൽ കാൽനടയായിട്ടോ ആണ് അവർ സഞ്ചരിക്കുക. “ഞങ്ങളുടെ ജോലി കളഞ്ഞിട്ട് അവളുടെ കൂടെ പോകേണ്ട സ്ഥിതിയായിരുന്നു.”, താരീഖ് പറയുന്നു.
ഷസേയ പഠിക്കാൻ തിരഞ്ഞെടുത്തത് ഫിസിക്കൽ എഡ്യൂക്കേഷൻ, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, ഉറുദു എന്നീ വിഷയങ്ങളാണ്. “എനിക്ക് സ്പോർട്സ് ഇഷമായതിനാലാണ് ഞാൻ ഫിസിക്കൽ എഡ്യൂക്കേഷൻ തിരഞ്ഞെടുത്തത്.”, അവൾ പറയുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഷസേയ സ്പോർട്സിൽ പങ്കെടുത്തത്. “ഞാൻ ഒറ്റയ്ക്കാണെന്നത് (ഗ്രാമത്തിൽ നിന്നും) മാത്രമായിരുന്നു എന്നെ ആശങ്കപ്പെടുത്തിയിരുന്നത്.”, അവൾ കൂട്ടിച്ചേർക്കുന്നു.

2021 മേയിൽ, ഷസേയ സ്കൂളിൽ ചേർന്ന് രണ്ടുമാസം കഴിഞ്ഞപ്പോൾ സ്കൂൾ അവളുടെ പ്രവേശനം റദ്ദാക്കി. ഷസേയ ഇടയ്ക്ക് ഒരു ർഷം പഠനം നിർത്തിയതിനാൽ ക്ലാസ്സിൽ ഇരിക്കാൻ അവൾ അർഹയല്ലെന്നാണ് വിവരം അന്വേഷിച്ചുചെന്ന താരീഖിനോടും അബ്ദുലിനോടും അധികൃതർ പറഞ്ഞത്. “ഇടയ്ക്ക് ഒരുവർഷം പഠനം നിർത്തിയവരെ റെഗുലർ സ്കൂളുകളിൽ പഠനം തുടരാൻ അനുവദിക്കരുതെന്ന് ഉത്തരവ് വന്നിരുന്നു.”, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നോ ഇനി എന്ത് ചെയ്യണമെന്നോ ധാരണയില്ലാതെ അബ്ദുൽ പറയുന്നു.
കുടുംബത്തിലെ പുരുഷന്മാർ ഹാരുദ് (ശരത്കാലം) കാലത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് സ്കൂൾ അധികാരികൾ തങ്ങളെ വിളിപ്പിച്ചതെന്ന് താരീഖ് ഓർത്തെടുക്കുന്നു. ഷസേയയുടെ പിതാവ് അവളോടൊപ്പം പോകുകയും അവർ സ്കൂളിൽ ഫീസായി അടച്ച പണം (1500 രൂപ) തിരികെ കൊണ്ടുവരികയും ചെയ്തു. “ഈ സംഭവത്തിനുശേഷം മാസങ്ങളോളം ഞാൻ കടുത്ത വിഷമത്തിലായിരുന്നു.”, ഷസേയ പറയുന്നു. ഈയടുത്ത് അവൾക്ക് സ്കൂളിൽനിന്ന് വിടുതൽ സർട്ടിഫിക്കറ്റും ലഭിച്ചു.
ഷസേയയോട് വീട്ടിലിരുന്ന് പഠിക്കാനും പ്രൈവറ്റ് വിദ്യാർത്ഥിയായി പരീക്ഷ എഴുതാനുമാണ് സ്കൂൾ അധികാരികൾ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി ശ്രീനഗറിലുള്ള ജമ്മു ആൻഡ് കാശ്മീർ ബോർഡ് ഓഫ് സ്കൂൾ എഡ്യൂക്കേഷനിൽ ഒരു അപേക്ഷ കൊടുക്കേണ്ടതുണ്ട്. 2022 ജൂണിൽ ഈ ലേഖിക അന്വേഷിച്ചപ്പോഴും, ഷസേയയുടെ കുടുംബം ആ ഓഫീസിലേയ്ക്ക് പോകുകയോ മറ്റു സ്കൂളുകളിൽ പ്രവേശനം നേടാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല.
ഇതേസമയം ഷസേയ ചിത്രത്തുന്നൽ പഠിക്കുന്നതിലും ജോലി ചെയ്യന്നതിലും വ്യാപൃതയാണ്. അതിൽ നിന്നും അവൾക്ക് മാസം 1500 രൂപ വരുമാനം ലഭിക്കും. “അധ്യാപകർ അവൾക്ക് റെഗുലർ പ്രവേശനം നൽകിയിരുന്നെങ്കിൽ അവൾ ഖിമ്പറിൽ പഠനം തുടരുമായിരുന്നു. അവൾ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അവൾ ഈ പ്രായത്തിൽ ജോലിയ്ക്ക് പോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല.” താരീഖ് പറയുന്നു.
തിരിച്ചടികൾക്കിടയിലും ഷസേയ തന്റെ സ്വപ്‌നങ്ങൾ കൈവിട്ടിട്ടില്ല. ആർട്ട് സ്കൂളിൽ പഠിച്ച് അധ്യാപികയാകണമെന്നും തന്റെ ചുറ്റുമുള്ള പെൺകുട്ടികളെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിക്കണമെന്നുമാണ് അവളുടെ ആഗ്രഹം. “എനിക്ക് മുന്നിൽ കുറെയേറെ പ്രശ്നങ്ങളുണ്ട്; എന്നാൽ എന്റെ മനസ്സിൽ സ്വപ്നങ്ങളുമുണ്ട്.”, പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയാൽ മാത്രമേ തനിക്ക് ആ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവിലും അവൾ പറഞ്ഞു നിർത്തുന്നു.
പാരി ഹോം പേജിലേക്ക് പോവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Editor's note
സബ്‌സാര അലി ശ്രീനഗറിലെ സൗരയിലുള്ള ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പരി എഡ്യൂക്കേഷനുമൊത്ത് ഇന്റേൺഷിപ് ചെയ്യന്ന സമയത്ത് ഏഴു മാസമെടുത്താണ് അവൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
സബ്‌സാര പറയുന്നു: "സ്വതവേ അന്തർമുഖയായതു കൊണ്ട് എനിക്ക് ആളുകളെ മനസ്സിലാക്കാൻ കഴിയില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് മാസത്തെ അനുഭവങ്ങൾ എന്നെ ഒരു നല്ല കേൾവിക്കാരിയാക്കുകയും പല ധാരണകളും മാറ്റിവച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, പെൺകുട്ടികൾ വിദ്യാഭ്യാസം നേടാത്തതിന്റെ പ്രധാന കാരണം സാമൂഹികമായ വിലക്കുകൾ ആണെന്നായിരുന്നു എന്റെ ധാരണ. എന്നാൽ ഈ വാർത്ത റിപ്പോർട്ട് ചെയ്ത്, അതിന്റെ ചെറിയ വിശദാംശങ്ങൾ പോലും കണ്ടെത്തിയതിൽപ്പിന്നെ എന്റെ കാഴ്ചപ്പാട് മാറിയിട്ടുണ്ട്. ചുറ്റുമുള്ള, നിസ്സാരമെന്ന് തോന്നുന്ന പലതും ശ്രദ്ധിക്കാൻ അതെന്നെ സഹായിച്ചു. എന്റെ പ്രദേശത്തെ മിക്ക സർക്കാർ സ്കൂളുകളുടെയും പേര് "ബോയ്സ്" സ്കൂൾ എന്നാണ് എന്നതുപോലെയുള്ള പല കാര്യങ്ങളും.."
പരിഭാഷ: പ്രതിഭ ആർ.കെ.
ഹൈദരാബാദിലെ കേന്ദ്ര സര്വകലാശാലയിൽനിന്നും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്ത്തിക്കുന്നു