ഒരു കുട്ട നെയ്യാൻ 48-കാരിയായ അജിതയ്ക്ക് ആകെ വേണ്ടത് ഒരു കത്തി മാത്രമാണ്. മുളയുടെ കുറച്ച് ഇഴകൾ അവർ കുറുകെ വേണ്ട രീതിയിൽ വയ്ക്കുകയും മറ്റൊരെണ്ണം ഉപയോഗിച്ച് അവ നെയ്യാൻ തുടങ്ങുകയും ചെയ്യുന്നു. ഉണ്ടാക്കാൻ പോകുന്ന സാധനത്തിന് വേണ്ട വ്യാസത്തിൽ വൃത്തം എത്തുന്നതു വരെ അവർ അത് തുടരുന്നു.

“16-ാം വയസ്സിലാണ് ഞാൻ [കൈത്തൊഴിൽ] പഠിക്കാൻ തുടങ്ങിയത്”, അജിത പറഞ്ഞു. കർഷക തൊഴിലാളിയായ പിതാവിന്റെ വരുമാനംകൊണ്ട് കുടുംബം പുലരാൻ ബുദ്ധിമുട്ടിയതിനെ തുടർന്ന് 10-ാം ക്ലാസിനു ശേഷം അവർ പഠനം ഉപേക്ഷിച്ചതാണ്. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ബ്ലോക്കിലെ കുറ്റിച്ചിറ ഗ്രാമത്തിലാണ് അവർ താമസിക്കുന്നത്.

ഒരു കുട്ട നെയ്യാൻ 48-കാരിയായ അജിതയ്ക്ക് ആകെ വേണ്ടത് ഒരു കത്തി മാത്രമാണ്. ചിത്രം: ഡോൺ ഫിലിപ്പ്

ലാമ്പ് ഷേഡുകൾ, പേന സ്റ്റാൻഡുകൾ, മുള നെയ്തു പൊതിഞ്ഞ കുപ്പികളിൽ സ്ഥാപിച്ചിട്ടുള്ള പൂക്കൾ, എല്ലാ ആകൃതിയിലും വലിപ്പത്തിലുമുള്ള വിശറികൾ, കൂടകൾ എന്നിവയുൾപ്പെടെ വിവിധ മുള ഉൽപന്നങ്ങൾ അജിത ഇപ്പോൾ ഭർത്താവിന്റെ സഹായത്തോടെ ഉണ്ടാക്കുന്നു.

“ഒരു കൂടയുണ്ടാക്കാൻ ഒന്നര ദിവസം വേണം. ഇത് പൂർത്തിയാക്കുന്നതിന് ഒരു ദിവസം, പിന്നെ നേർത്ത നാരുകൾ നീക്കി മിനുസപ്പെടുത്തിയെടുക്കാൻ പകുതി ദിവസവും – എത്രയും നാരുകൾ നീക്കുന്നുവോ സാധനം അത്രയും മിനുസമുള്ളതാകും” , അവർ വിശദീകരിച്ചു. 8-10 പൂക്കൾ അല്ലെങ്കിൽ അഞ്ച് പേന സ്റ്റാൻഡുകൾ ഉണ്ടാക്കുന്നതിന് ഒരു ദിവസമെടുക്കുമ്പോൾ, ഒരു ലാമ്പ് ഷേഡ് പൂർത്തിയാക്കുന്നതിന് രണ്ടുദിവസം വേണം. ഒരു കുപ്പിക്ക് പുറമെ മുള നെയ്തെടുക്കുക എന്നത് വളരെ വിശദമായ ഒരു പണിയാണ്. അതിന് മിക്കവാറും രണ്ട് ദിവസങ്ങൾ എടുക്കും.

അജിത നിർമ്മിച്ച മുള ഉൽപന്നങ്ങളാണ് അവർക്ക് ചുറ്റും കിടക്കുന്നത്. അവ തിളങ്ങുന്നുണ്ട്. “എങ്ങനെയാണ് ഉണങ്ങുന്നത് എന്നതിനനുസരിച്ച് മുളയ്ക്ക് നേരത്തെ തന്നെ ഒരു മിനുസമുണ്ട്. എത്ര ഉണങ്ങുന്നുവോ അത്രയും നല്ലതായിരിക്കും”, അവർ പറഞ്ഞു. ദീർഘകാലയളവിൽ ഉൽപന്നത്തെ നശിപ്പിക്കുമെന്ന തോന്നലുള്ളതിനാൽ കുറഞ്ഞ അളവിലേ അജിത വാർണിഷ് ഉപയോഗിക്കാറുള്ളൂ.

ചാലക്കുടിയിലുള്ള ബാംബു കോർപ്പറേഷൻ ഡിപ്പോയിൽ നിന്നും മുള ലഭിക്കും. അവരുടെ വീട്ടിൽ നിന്നും 10 കിലോമീറ്റർ മാറി അതേ പ്രദേശത്ത് തന്നെയാണ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത്. മാസത്തിലൊന്ന് അവ ശേഖരിക്കാനായി അജിത അവിടെ പോകുന്നു, അല്ലെങ്കിൽ അജിതയുടെ വീട് കടന്നുപോകുമ്പോൾ അവർ അവ അവിടെ ഇടുന്നു. ഏകദേശം 10 മീറ്റർ നീളമുള്ള ഒരു തണ്ടിന് 30 രൂപ എന്ന കണക്കിൽ മാസത്തിൽ ഏതാണ്ട് 100 തണ്ടുകൾ അവർ വാങ്ങുന്നു. ഡിപ്പോയിൽ നിന്നും മുളകൾ എത്തിക്കുന്ന ആളുകൾ അവ ഷെഡിലേക്ക് എടുത്തു വയ്ക്കാൻ അജിതയെ സഹായിക്കുന്നു. അവിടെ മഴ ഏൽക്കാതെ അവ സൂക്ഷിച്ചുവയ്ക്കണം.

ശ്രീദീപം ഹാൻഡിക്രാഫ്റ്റ്സ് എന്ന തന്റെ കമ്പനി 2015-ൽ അജിത രജിസ്റ്റർ ചെയ്തു. നിർമ്മാണം പൂർത്തിയായ ഉൽപന്നങ്ങൾ സ്ഥലങ്ങളിൽ എത്തിക്കാൻ അവരുടെ ഭർത്താവും സ്കൂട്ടർ മെക്കാനിക്കായ മകനുമാണ് സഹായിക്കുന്നത്. മകൾ എല്ലാ രംഗത്തുമുണ്ട്, പക്ഷെ സാധിക്കുമ്പോൾ മാത്രം.

“മഹാമാരി ബാധിച്ചതിനു ശേഷം ഞങ്ങൾ മുള ബിസിനസ്സുകാർ വളരെയധികം ബുദ്ധിമുട്ടി. പ്രദർശനങ്ങള്നടത്തുമ്പോഴും, പരിപാടികൾ സംഘടിപ്പിക്കുന്നവർക്കും റസ്റ്റോറന്റുകൾക്കും ഉൽപ്പന്നങ്ങൾ നൽകുമ്പോഴുമാണ് ഞങ്ങള്ക്ക് പ്രധാനമായും വരുമാനം ലഭിക്കുന്നത്”, അജിത പറഞ്ഞു. കേരളത്തിൽ നിന്നുള്ള മനോരമ ഫിയസ്റ്റയും ബാംബു മിഷൻ സംഘടിപ്പിക്കുന്ന വാർഷിക മുള മേളയും സംസ്ഥാന വ്യാപകമായി സ്ഥിരമായി വിൽപന നടത്താനുള്ള അവസരം നൽകുമായിരുന്നു. പക്ഷെ 2020-ലെ ലോക്ക്ഡൗൺ കാരണം അവയും റദ്ദായി. “ഏതാണ്ട് 30,000 – 35,000 രൂപ ഓരോ മാസവും എനിക്ക് ലാഭം കിട്ടിയിരുന്നു [മഹാമാരിക്ക് മുമ്പ്]; ഇപ്പോൾ 20-30 ശതമാനം കുറവാണ് എനിക്ക് ലഭിക്കുന്നത്”, അവർ കൂട്ടിച്ചേർത്തു.

തന്റെ കമ്പനി തുടങ്ങുന്നതിനുമുൻപ് 20 വർഷത്തോളം അജിത ചാലക്കുടിയിൽ പ്രവർത്തിക്കുന്ന സെറാഫിക് ഹാൻഡിക്രാഫ്റ്റ്സ് എന്ന ഒരു സഹകരണസംഘത്തിൽ ജോലി ചെയ്തിരുന്നു. കൂടകൾ, താലങ്ങൾ, ലാമ്പ് ഷേഡുകൾ എന്നിവയൊക്കെ ഉണ്ടാക്കുന്ന ഒരു സംഘമാണത്.

ഇ-വാണിജ്യ വേദികൾ ഇപ്പോൾ മുളച്ചു പൊന്തുന്നുണ്ട്. പക്ഷെ തന്റെ ഉൽപന്നങ്ങൾ നന്നായി കൈകാര്യം ചെയ്യുമോ എന്ന സംശയമുള്ളതിനാൽ അജിത അവയെക്കുറിച്ച് സംശയാലുവാണ്. “എന്റെ ഉൽപന്നങ്ങൾ നേർത്തതും ലോലവുമാണ്”, അവ എത്രമാത്രം നേർത്തതാണെന്ന് ഒരു മുള വളച്ചു കാണിച്ചുകൊണ്ട് അവർ പറഞ്ഞു. അടിഭാഗം മുറുകെ ചുറ്റിയാൽ പോലും വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ രൂപമാറ്റം സംഭവിക്കാം”, അവർ വിശദീകരിച്ചു. “എനിക്ക് വിഭവങ്ങളുമില്ല, വലിയ സംഘങ്ങളുടെ പിന്തുണയുമില്ല. ഒരു സാധനത്തിന് കേടുപാടുകൾ സംഭവിച്ചാൽ എന്റെ വരുമാനത്തിന് വലിയ അടിയാണത്. അതിനാൽ ഉൽപന്നങ്ങൾക്ക് കേടുപാടുകൾ പറ്റുന്നത് എനിക്ക് താങ്ങാൻ പറ്റില്ല” , അവർ കൂട്ടിച്ചേർത്തു.

താൻ നിർമ്മിച്ച നിരവധി ലാമ്പ് ഷേഡുകളിലേക്കും കൂടകളിലേക്കും നോക്കിക്കൊണ്ട് അജിത പറഞ്ഞു, “വേറെവിടെങ്കിലും ജോലി ചെയ്താൽ കൂടുതൽ പണമുണ്ടാക്കാം എന്നത് ഈ ജോലിയുടെ കാര്യത്തിൽ ഞാൻ പരിഗണിക്കുന്നില്ല. ഈ തൊഴിലിനോടും കലയോടുമുള്ള സമർപ്പണത്തിൽ നിന്നും സ്നേഹത്തിൽ നിന്നുമാണ് ഞാനിത് ചെയ്യുന്നത്.”

ലോക്ക്ഡൗണിന് കീഴിലെ ജീവിതങ്ങളെക്കുറിച്ചുള്ള പരമ്പരയുടെ ഭാഗമാണ് ഈ ലേഖനം. ഈ കൂട്ടായ പ്രവർത്തനത്തെ സഹായിച്ചതിന് മുംബൈ സെന്റ്. സേവ്യേഴ്സ് കോളേജിലെ (ഓട്ടോണമസ്) പ്രൊഫസർമാരായ അക്ഷര പഥക് ജാധവിനോടും പെറി സുബ്രമണ്യത്തോടും പാരി എജ്യൂക്കേഷൻ സംഘം നന്ദി പറയുന്നു.

Editor's note

ഡോൺ ഫിലിപ്പ് മുംബൈ സെന്റ്. സേവ്യേഴ്സ് കോളേജിൽ (ഓട്ടോണമസ്) മാസ് കമ്മ്യൂണിക്കേഷനിലും ജേർണലിസത്തിലും രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ലോക്ക്ഡൗണിന് കീഴിലെ ജീവിതങ്ങളെക്കുറിച്ച് പാരി എജ്യൂക്കേഷനുമായി സഹകരിച്ച് നടത്തുന്ന തന്റെ കോളേജ് കോഴ്സിന്റെ ഭാഗമായി, കേരളത്തിലെ മുള കൈത്തൊഴിലുകാരുടെ മേൽ അതുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് അന്വേഷിക്കാൻ ഡോൺ തീരുമാനിച്ചു. “പാരിയുമായി ചേർന്നുചെയ്ത ഈ പ്രോജക്റ്റ് ചെറുകിട വ്യവസായങ്ങളെയും ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ മഹാമാരിയുടെ സമയത്ത് നേരിട്ട പ്രശ്നങ്ങളെയും പറ്റി മനസ്സിലാക്കാൻ എന്നെ സഹായിച്ചു. അജിതയുടെ കഥ ഡോക്യുമെന്റ് ചെയ്യാനുള്ള എന്റെ പരിശ്രമം ഇത്രയും സങ്കീർണ്ണമായ ഒരു ഉദ്യമം വളരെ കാര്യക്ഷമമായി നിർവഹിക്കുന്നതിന് മാദ്ധ്യമ പ്രവർത്തകരെ അഭിനന്ദിക്കുന്നതിനും കാരണമായി”, ഡോൺ പറഞ്ഞു.