ഒരു ഫലം. മൂന്ന് നിറങ്ങൾ. മൂന്ന് രുചിഭേദങ്ങൾ: കയ്പ്, മധുരം, പുളിപ്പ്.

“ഇത് റോസ്, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിൽ ഉണ്ടാകുന്നു. റോസ് നിറത്തിലുള്ള മൂട്ടിപ്പഴത്തിന് കയ്പ്പാണ്, ചുവപ്പിന് മധുരം, മഞ്ഞയ്ക്ക്  മധുരവും പുളിയും,” കേരളത്തിലെ ഇടുക്കി ജില്ലയിലെ വണ്ണപ്പുറത്തു നിന്നുള്ള ബേബി എബ്രാഹാം പറഞ്ഞു. “കൂടുതൽ കയ്പ്പും പുളിപ്പും ഉള്ളതിനാണ് ഏറ്റവും കൂടുതൽ ഔഷധ മൂല്യം ഉള്ളത്. പ്രമേഹ അവസ്ഥയിലുള്ള രോഗികൾക്ക് ഇത് നല്ലതാണ്. വയറും തൊണ്ടയുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ആദിവാസി സമൂഹങ്ങൾ ഇത് ഉപയോഗിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

പഴത്തിന്‍റെ പേര് (മൂട്ടിപ്പഴം) ‘മൂട്ടി’, ‘പഴം’ എന്നീ വാക്കുകളിൽ നിന്നാണ് ഉണ്ടായത്. തടികളിലും ശിഖരങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. തെളിച്ചമുള്ള നിറങ്ങൾ കാട്ടുമൃഗങ്ങളെ ആകർഷിക്കുന്നു. ബേബി പറഞ്ഞത് കാട്ടിലെ മരങ്ങളിൽ മൂട്ടിപ്പഴം ഒരിക്കലും വെറുതെ കിടക്കില്ല എന്നാണ്. കരടി, കുരങ്ങ്, ആന എന്നിവയും ചിലപ്പോൾ ആമകൾ പോലും ഇവ ഭക്ഷിക്കുന്നു.

67-കാരനായ എബ്രഹാമിന് ആദ്യത്തെ രണ്ട് തൈകൾ നൽകിയത് 36 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്‍റെ സഹോദരനാണ്. സഹോദരന് അത് ലഭിച്ചത് പശ്ചിമഘട്ട വനത്തിലെ ഒരു ആദിവാസി മൂപ്പനിൽ നിന്നും. ഇന്ന് അദ്ദേഹത്തിന് 200-ലധികം മരങ്ങളും തൈകളും ഉണ്ട്. ആദ്യത്തെ രണ്ടെണ്ണം വളരെ ചേർന്നാണ് നട്ടത്. അതുകൊണ്ട് അവയുടെ തടികൾ ഒന്നായി മാറി. ഏറ്റവും നല്ല വിളവ് ലഭിക്കുന്നതിന് വിത്തുകൾ രണ്ടടി ആഴത്തിലും തൈകൾ പരസ്പരം 5 മീറ്റർ അകലത്തിലും നടണം എന്ന് എബ്രഹാം പറയുന്നു. ഏത് സമയത്തും ഇവ കൃഷി ചെയ്യാം. എന്നിരിക്കലും കാലവർഷത്തിന് ശേഷമുള്ള സമയമാണ് നല്ലത്. “3-4 വർഷങ്ങൾക്കുശേഷം അവയെല്ലാം പുഷ്പിക്കും. പൂർണവളർച്ചയെത്തിയ ഒരു മരത്തിൽനിന്ന് 50 കിലോ പഴങ്ങൾ ലഭിക്കും, ചെറിയൊരു മരത്തിൽ നിന്നും 15 കിലോയും,” അദ്ദേഹം ഞങ്ങളോട് പറഞ്ഞു.

നാണ്യവിളകളായ റബ്ബർ, നീലം, ഫലവൃക്ഷങ്ങളായ മൂട്ടിപ്പഴം, മാങ്കോസ്റ്റീൻ, റമ്പൂട്ടാൻ, നാരകം, നെലിക്ക, ഭക്ഷ്യ കാണ്ഡങ്ങളായ കപ്പ, മഞ്ഞൾ, കൂവ, പിന്നെ ജാതി പോലെയുള്ള സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയൊക്കെ തന്‍റെ ഒരേക്കർ ഭൂമിയിൽ അദ്ദേഹം നട്ടിട്ടുണ്ട്. “എന്‍റെ കുടുംബം, അതായത് ഭാര്യയും മകൻ ജെറിനും മകൾ ജെന്‍റിനയും എന്നെ കൃഷിയിൽ സഹായിക്കുന്നു,” അദ്ദേഹം പറഞ്ഞു. “ഞങ്ങൾ തൊഴിലാളികളെ വയ്ക്കാറില്ല. നഴ്സറിക്കുള്ള ഷെഡ് ഉണ്ടാക്കുന്നത് മുതൽ കല്ലുകൾ നീക്കം ചെയ്യുന്നതു വരെ എല്ലാം ഞങ്ങൾ തനിയെയാണ് ചെയ്യുന്നത്.”

മൂട്ടിമരങ്ങൾക്ക് ഔഷധമൂല്യം ഉള്ളതിനാൽ ജൈവവളങ്ങൾ ഉപയോഗിക്കാനാണ് എബ്രഹാം താൽപര്യപ്പെടുന്നത്. അത് വർഷത്തിൽ രണ്ടുതവണ അദ്ദേഹം ഉപയോഗിക്കുന്നു, സാധാരണയായി സെപ്റ്റംബറിൽ. “ചാണകവും മണ്ണിരവളവും നിലക്കടല എണ്ണയുടെ ഉപോൽപന്നമായ കടലപ്പിണ്ണാക്കുമാണ് മിക്കവാറും ഞങ്ങൾ ഉപയോഗിക്കുന്നത്. പുഷ്പിച്ചു കഴിഞ്ഞാൽ മൂട്ടിമരങ്ങൾക്ക് കൂടുതൽ വെള്ളമൊഴിക്കണം. അതിനാൽ വേനൽക്കാലത്ത് മൂന്ന് ദിവസത്തിലൊരിക്കൽ ഞങ്ങൾ അവയ്ക്ക് വെള്ളമൊഴിക്കും,” അദ്ദേഹം പറഞ്ഞു. വവ്വാലുകളിൽ നിന്നും ഫലങ്ങൾ സംരക്ഷിക്കുന്നതിനായി അവർ മരത്തിനു ചുറ്റും വല ചുറ്റുകയും ചെയ്യുന്നു.

എബ്രഹാം തന്‍റെ നഴ്സറിയിൽ നിന്ന് ഒരു ജോഡി തൈകൾ 250 രൂപയ്ക്കാണ് വിൽക്കുന്നത്. മൂട്ടിപ്പഴം (ലാറ്റിൻ പേര് baccaurea courtallensis) മറ്റ് പ്രദേശിക പേരുകളിലും അറിയപ്പെടുന്നു: മൂട്ടി കയ്പൻ, മൂട്ടിപ്പുളി, മെരെതക എന്നിങ്ങനെ. ഒരിക്കൽ പറിച്ചു കഴിഞ്ഞാൽ മൂട്ടിപ്പഴം രണ്ടു മാസം വരെ കേടുകൂടാതെ ഇരിക്കും – അകത്തെ പൾപ്പിന്‍റെ അളവിൽ കുറവുണ്ടായാൽ പോലും. പ്രദേശവാസികൾ പൾപ്പ് ഉപയോഗിച്ച് അച്ചാറും പുറംതോട് ഉപയോഗിച്ച് വൈനും ഉണ്ടാക്കുന്നു. ആദിവാസികൾ ഇതിൽ തേൻ ചേർത്ത് തീൻമൂട്ടി ഉണ്ടാക്കുന്നു – മധുരമുള്ള ഒരു മിശ്രിതം.

“മൂട്ടിക്ക് ഒരു പ്രത്യേകതയുണ്ട്. പരാഗണം നടക്കണമെന്നുണ്ടെങ്കിൽ പെൺ സസ്യത്തിനടുത്ത് ആൺ സസ്യത്തിന്‍റെ സാന്നിദ്ധ്യം വേണം. അല്ലെന്നു വരികിൽ പഴം വെറും പുറംതോട് മാത്രമായിരിക്കും – അകത്ത് പൾപ്പ് കാണില്ല. കാറ്റും ചെറുതേനീച്ചകളും മുഖേനയാണ് പരാഗണം നടക്കുന്നത്,” എബ്രഹാം പറഞ്ഞു. ഏതാണ്ട് നാല് വർഷത്തിനകം ആൺമരം പൂക്കൾകൊണ്ട് പൊതിയപ്പെടുന്നു. പെട്ടെന്നുതന്നെ പെൺമരങ്ങളും മുന്തിരികൾ പോലെ തൂങ്ങിക്കിടക്കുന്ന ചുവന്ന ഫലങ്ങളാൽ പൊതിയപ്പെടുന്നു. ജനുവരി അവസാനം പഴങ്ങൾ പ്രത്യക്ഷപ്പെടുകയും ഓഗസ്റ്റ് അവസാനം വരെ അവ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

“ആളുകൾ [ഇവർ വളർത്തുന്ന മറ്റുള്ളവർ] എപ്പോഴും എന്നോട് പറയുന്നു അവർക്ക് ലഭിക്കുന്ന ഫലങ്ങൾ വെറും പുറംതോടാണോ അതോ അതിനകത്ത് പൾപ്പുണ്ടോ എന്ന് പറയാൻ. ഇതിന് കാരണം ചുറ്റുപാടും ആൺമരങ്ങൾ ഇല്ല എന്നുള്ളതാണ്. വിത്ത് കാണുമ്പോൾ തന്നെ അത് ആണായിത്തീരുമോ പെണ്ണായിത്തീരുമോ എന്ന് എനിക്കറിയാം. തൈ ആയിക്കഴിഞ്ഞാൽ ഇത് തിരിച്ചറിയുക ബുദ്ധിമുട്ടാണ്,” എബ്രഹാം പറഞ്ഞു. അദ്ദേഹത്തോട് മറ്റു കർഷകർ പലപ്പോഴും ഉപദേശം തേടാറുണ്ട്.

വിവിധ മൂട്ടിപ്പഴമരങ്ങളുടെ ഉയരങ്ങള്‍ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. കാട്ടിൽ കാണുന്ന മഞ്ഞ ഇനം 10 മുതൽ 15 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. എബ്രഹാമിന്‍റെ വീട്ടിൽ അത് 7 മീറ്റർവരെ ഉയരത്തിൽ എത്തുന്നു. ഇടുക്കി ജില്ലയിലെ അറക്കുളം ഗ്രാമത്തിലും കൊല്ലം ജില്ലയിലെ പത്തനാപുരം ഗ്രാമത്തിലും ഈ മരം കാണാം. “ആളുകൾ മൂട്ടിപ്പഴം ശ്രദ്ധിക്കാൻ തുടങ്ങിയത് 2019-ൽ കൃഷിമന്ത്രി വി. എസ്. സുനിൽകുമറിന്‍റെ സന്ദർശനത്തെ തുടർന്നാണ്,” അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ഗവേഷകരുമെത്തി. അവർക്ക് ഫലത്തെക്കുറിച്ച് കൂടുതൽ അറിയണമായിരുന്നു. തുടർന്ന് പ്രാദേശിക മാദ്ധ്യമങ്ങളും കഥകൾ ഏറ്റെടുത്തു.

“ആദിവാസി വിഭാഗത്തിൽ പെട്ടവർ ഈ പഴം റോഡരികിൽ [കേരളത്തിൽ] വിൽക്കുന്നു. നിങ്ങൾക്കിത് വിപണിയിൽ കാണാൻ കഴിയില്ല,” എബ്രഹാം പറഞ്ഞു.  വാങ്ങാൻ വളരെ താൽപര്യമുള്ളവർ അദ്ദേഹത്തെ സമീപിച്ച് “ഒരു കിലോ മൂട്ടിപ്പഴം 100-150 രൂപയ്ക്ക് വാങ്ങിയിട്ട് അതിന്‍റെ സ്വാദ് റമ്പൂട്ടാൻ, ഡ്രാഗൺ പഴങ്ങൾ എന്നിങ്ങനെയുള്ള ഉഷ്ണമേഖല വിദേശി പഴങ്ങളുടേത് പോലെയുണ്ട് എന്ന് പറയും.” അദ്ദേഹം അയൽ സംസ്ഥാനങ്ങളിലേക്ക് ഫലങ്ങൾ കൊറിയറായി അയയ്ക്കുന്നു.

മൂട്ടിമരത്തിന്‍റെ വളർച്ചയ്ക്ക് അധികം സൂര്യപ്രകാശവും സ്ഥലവും ആവശ്യമില്ലാത്തതിനാൽ കുറച്ച് സ്ഥലമുള്ളവർക്കും പട്ടണങ്ങളിൽ താമസിക്കുന്നവർക്കു പോലും ഇത് കൃഷിക്ക് അനുയോജ്യമാണ്. കൂടുതൽ കർഷകർ മുന്നോട്ട് വന്ന് തെളിഞ്ഞ നിറമുള്ള ഫലവൃക്ഷങ്ങൾ കൃഷി ചെയ്യാൻ തുടങ്ങുമെന്ന് എബ്രഹാം പ്രതീക്ഷിക്കുന്നു.

Editor's note

ജോയൽ പോൾ സി എസ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയുടെ ഷില്ലോംഗ് ക്യാമ്പസിൽ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ അവസാന വർഷ വിദ്യാർത്ഥിയാണ്. അദ്ദേഹം ആദ്യമായി മൂട്ടിപ്പഴത്തേക്കുറിച്ച് അറിയാനിടവന്നത് ഒരു പ്രാദേശിക കാർഷിക മാദ്ധ്യമത്തിൽ നിന്നുമാണ്. അങ്ങനെ അതേക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചു. "പാരി എജ്യൂക്കേഷനോടൊപ്പം (PARI Education) പ്രവർത്തിച്ചതിൽ നിന്നും ഞാൻ മനസ്സിലാക്കിയത് നമ്മൾ അവഗണിക്കുന്ന കഥകളിൽ ഒരുപാട് വിശദാംശങ്ങളും സങ്കീർണതകളും ഉണ്ടെന്നാണ്. ഈ കഥ ചെയ്യാൻ ശ്രമിച്ചപ്പോൾ ഒരുപാട് കാര്യങ്ങളെക്കുറിച്ച് എനിക്ക് ഉൾക്കാഴ്ച ഉണ്ടായി.

പരിഭാഷ: റെന്നിമോന്‍ കെ സി
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.