അകാലത്തിൽ പെയ്ത മഴയിൽ ഈ വർഷം എനിക്ക് നൂറുകണക്കിന് പച്ചക്കറിച്ചെടികൾ നഷ്ടമായി.

മഴയോടൊപ്പം പുതിയ തരം കീടങ്ങളും വന്നു. അവ പച്ചക്കറിച്ചെടികൾ നശിപ്പിച്ചു. ഇപ്പോൾ ഞാൻ അധികവും മുളകുകളാണ് നട്ടുപിടിപ്പിക്കുന്നത്. അവയ്ക്ക് കുറേക്കൂടി ബലമുണ്ട്. മുമ്പ് ഞാൻ മത്തൻ, മുളക്,  ചേന, തക്കാളി, ഉള്ളി, ചീര, പപ്പായ, മുരിങ്ങ എന്നിവയൊക്കെ കൃഷി ചെയ്തിരുന്നു.

എന്റെ പേര് കാളി എന്നാണ്. ഇവിടെയുള്ളവർ എന്നെ കാളി പാട്ടിയെന്ന് വിളിക്കും. പാട്ടി എന്നാൽ, തമിഴിൽ അമ്മൂമ്മ എന്നാണർത്ഥം. ആരും എന്റെ ജനനസമയവും ദിവസവുമൊന്നും എഴുതിവെക്കാത്തതിനാൽ എന്റെ ശരിയായ വയസ്സൊന്നും എനിക്കറിയില്ല. പക്ഷേ എനിക്കും എന്റെ ഭർത്താവിനും വയസ്സ് അറുപത് കഴിഞ്ഞു. ഞങ്ങളുടെ ഗ്രാമമായ അട്ടാടിയിൽനിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള മാൽകൂപ്പിൽ ദിവസക്കൂലിക്ക് ജോലിചെയ്യുകയാണ് എന്റെ ഭർത്താവ്. ഞങ്ങൾ ഇരുളരാണ് (പട്ടിക ഗോത്രവിഭാഗം). തമിഴ് നാട്ടിലെ നീലഗിരിജില്ലയിലെ കൊണകരൈ പ്രദേശത്തെ കാടിന്റെ സമീപത്താണ് താമസിക്കുന്നത്. ഏറ്റവുമടുത്തുള്ള പട്ടണം, മാമരമോ കോത്തഗിരിയോ ആണ്. അവിടെനിന്നാണ് സാധനങ്ങളൊക്കെ വാങ്ങുക.

ഈ ചെറിയ കൃഷിസ്ഥലത്ത്, 2017-മുതൽ ഞാനും എന്റെ ഭർത്താവും കൃഷിചെയ്തുവരുന്നു. ഇത് ഞങ്ങളുടെ സ്വന്തം ഭൂമിയൊന്നുമല്ല. പക്ഷേ ഇവിടെയുള്ള കാടൊക്കെ വെട്ടിത്തെളിച്ച് കൃഷി ചെയ്തുകൊള്ളാൻ ഉടമസ്ഥൻ അനുവദിച്ചു. ഇപ്പോൾ ഈ ഭൂമി വേറെ ആരുടേയോ കൈയ്യിലാണ്. ഞങ്ങൾ തമ്മിൽ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഞങ്ങൾതന്നെയാണ് ഇപ്പോഴും കൃഷി ചെയ്യുന്നത്. ഇതിൽനിന്നുള്ള വരുമാനവും, ഭർത്താവ് ദിവസവും കൂലിവേല ചെയ്ത് കൊണ്ടുവരുന്ന കഷ്ടി 300 രൂപയുംകൊണ്ട് വേണം ജീവിക്കാൻ.

രണ്ടുവർഷം മുമ്പുവരെ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. അക്കാലത്ത് ഞങ്ങൾ ഞങ്ങളുടെ പച്ചക്കറികൾ ചന്തയിൽ കൊണ്ടുപോയി വിൽക്കാറുണ്ടായിരുന്നു. ഒരിക്കൽ ഞാൻ ബീൻസ് നട്ട്, 50 കിലോഗ്രാമിന്റെ ഒരു ഉഗ്രൻ വിളവെടുത്തു. അത് കോത്തഗിരി ചന്തയിൽ കൊണ്ടുപോയി 3,000 രൂപയ്ക്ക് വിറ്റു. കൊണകരൈയിൽ സാധനങ്ങൾ കൊണ്ടുപോയി വിൽക്കാൻ ഞങ്ങൾ ഒരു ടെമ്പോ  വാടകയെക്കെടുത്തു.

ഇക്കാലത്ത് കൃഷിയെ ആശ്രയിക്കാൻ വളരെ ബുദ്ധിമുട്ടാണ്. മുമ്പൊക്കെ ജൈവകൃഷിയുപയോഗിച്ച് 200 കിലോഗ്രാം പച്ചക്കറികൾവരെ വിളവെടുക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ ഏറിവന്നാൽ 20 കിലോ മാത്രമേ കിട്ടൂ. വിളവ് നന്നാവാൻ രാസവളങ്ങൾ ഉപയോഗിക്കാൻ ആളുകൾ എന്നെ ഉപദേശിച്ചു. പക്ഷേ എനിക്കത് ചെയ്യാൻ താത്പര്യമില്ല.

രാസവളങ്ങൾക്കുപകരം, മരത്തിന്റെ ചാരവും ചാണകവുമാണ് ഞാനുപയോഗിക്കുന്നത്. കന്നുകാലികൾ സ്വന്തമായിട്ടുള്ള കർഷകരിൽനിന്ന് ചാണകം വാങ്ങാം. അവരുടെ പക്കൽ ഇല്ലെങ്കിൽ, ചന്തയിൽനിന്ന്, ഒരു ട്രാക്ടർ ലോഡിന് 6,000 രൂപ കൊടുത്ത് വാങ്ങാം. ധാരാളം ചാണകമുപയോഗിച്ചാൽ, 50 കിലോഗ്രാം പച്ചക്കറിവരെ കിട്ടുമെന്നാണ് എന്റെ ഭർത്താവ് രാമൻ പറയുന്നത്.

രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 3 മണിവരെ പാടത്ത് ജോലിചെയ്യാറുണ്ടായിരുന്നു ഞാൻ. പക്ഷേ 2019-ൽ ഒരു വീഴ്ച സംഭവിച്ചതിനുശേഷം കുറച്ചുകാലം എനിക്ക് പാടത്ത് പോകാൻ കഴിഞ്ഞില്ല. 2021-ൽ വീണ്ടും പോകാൻ തുടങ്ങിയെങ്കിലും തുടരാൻ സാധിച്ചില്ല. ഇപ്പോൾ ഞങ്ങളുടെ വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ മാത്രം വളർത്തുന്നു. എനിക്ക് സുഖമില്ലാത്തപ്പോൾ രാമൻ കാര്യങ്ങൾ നോക്കും. പക്ഷേ അപ്പോൾ ദിവസവേതനത്തിന് പോകാൻ പറ്റില്ല. വരുമാനം ചുരുങ്ങുകയും ചെയ്യും.

ഞങ്ങളുടെ അട്ടാടി ഗ്രാമത്തിൽ ഒരു സിമന്റ് റോഡ് ഉണ്ടാക്കിയിട്ടുണ്ട്. കാർഷികവിളവുകൾ ശേഖരിക്കാനുള്ള ടെമ്പോകളും വാനുകളുമാണ് അതിലൂടെ വരാറുള്ളത്. പക്ഷേ കാട്ടിലൂടെയുള്ള വഴി തീരെ ഇടുങ്ങിയതായതിനാൽ വണ്ടികൾക്ക് ഞങ്ങളുടെ  വീട്ടിലേക്കെത്താൻ കഴിയില്ല. അതിനാൽ പച്ചക്കറികൾ തലച്ചുമടായെടുത്ത് മലമുകളിലെ കാട്ടിലൂടെ വേണം അട്ടാടിയിലെത്താൻ, 500 മീറ്റർ അകലെയാണ് അത്. മാമരത്തേക്ക് നടന്നുപോയി അവിടെനിന്ന് ഒരു വാനിൽ കോത്തഗിരി ചന്തയിലെത്താനും പറ്റും. ഞങ്ങളുടെ ഈ പ്രായത്തിൽ, ഇത്ര വലിയ ദൂരം കാൽ‌നടയായി പോകാൻ ബുദ്ധിമുട്ട് തോന്നുന്നു.

എന്റെ മരുമകൻ 48 വയസ്സുള്ള ശിവമണിയും കുടുംബവും ഞങ്ങളോടൊപ്പമാണ് താമസിക്കുന്നത്. അവന്റെ ഭാര്യ രാജമ്മയും രണ്ട് മക്കൾ, ശിവയും മദനനും. അവരും കൂലിപ്പണിയെടുക്കുന്നു. അവർ സ്കൂളിൽ പോയിട്ടുണ്ടെങ്കിലും പിന്നീട് പഠിപ്പ് നിർത്തി. ശിവ 5-ആം ക്ലാസ്സിൽ‌വെച്ചും, മദനൻ 9-ആം ക്ലാസ്സിൽ‌വെച്ചും. ശിവമണിയുടെ കൃഷിസ്ഥലവും ഞങ്ങളുടെ തൊട്ടടുത്താണ്. അതിൽ മുള്ളങ്കിഴങ്ങും ബീൻസും കൃഷി ചെയ്ത്, കോത്തഗിരി ചന്തയിൽ കൊണ്ടുപോയി വിൽക്കുന്നു. അയാളും കൂലിപ്പണിക്ക് പോവുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചൊന്നും എനിക്കറിയില്ല. പക്ഷേ, ശരിയാണ്  കാലം തെറ്റി പെയ്യുന്ന ശക്തമായ മഴ, കൃഷിപ്പണിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

മഴ നന്നായി പെയ്യാൻ തുടങ്ങിയാൽ – സാധാരണയായി വൈകുന്നേരങ്ങളിലാണ് – ചെടികൾ നശിച്ച്, വീണ്ടും പച്ചക്കറി നടേണ്ടിവരുമല്ലോ എന്നോർത്ത് എനിക്ക് പേടിയാണ്.

നീലഗരി സംരക്ഷിത ജൈവമേഖലയിലെ പ്രദേശവാസികളും തനത് ഗോത്ര സമൂഹവും റിപ്പോർട്ട് ചെയ്യുന്ന പരമ്പരയിൽ ഉൾപ്പെട്ട ഒരു കഥയാണിത്. തങ്ങൾക്ക് ചുറ്റുമുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ രേഖപ്പെടുത്തുകയാണ് അവർ. എർത്ത് ജേണലിസം നെറ്റ് വർക്കിന്റേയും പാരിയുടേയും സഹകരണത്തിന്റെ പിന്തുണയോടെ കീസ്റ്റോൺ ഫൗണ്ടേഷൻ നടത്തുന്ന പ്രോജക്ടിന്റെ ഭാഗമാണ് ഈ കഥ.

പാരി ഹോം പേജിലേക്ക് പോവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Editor's note

ഫ്രാങ്ക്ലിൻ സാമുവൽ മെക്കാനിക്കൽ എൻ‌ജിനീയറിംഗിൽ ബിരുദധാരിയാണ്. പത്രപ്രവർത്തനത്തിലുള്ള താത്പര്യം മൂലം, എർത്ത് ജേണലിസത്തിന്റേയും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടേയും (പാരി) പിന്തുണയൊടെ കീസ്റ്റോൺ ഫൌണ്ടേഷൻ നടത്തുന്ന ഹ്രസ്വ പരിസ്ഥിതി ജേണലിസം കോഴ്സിൽ പങ്കെടുത്തു.

പരിസ്ഥിതിയും കാലാവസ്ഥയുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ടാണ് കാളിയുടെ കഥയിലേക്ക് ആകർഷിക്കപ്പെട്ടത്. “കാളിപ്പാട്ടിയുടെ കഥ, ചെറിയ രീതിയിലുള്ള ജൈവകൃഷിയിലേക്ക് എന്റെ ശ്രദ്ധ തിരിച്ചു. ഭക്ഷ്യസുരക്ഷയ്ക്കും ആരോഗ്യമുള്ള ജീവിതത്തിനും എല്ലാവരും ജൈവകൃഷിയിലേക്ക് മാറണമെന്നാണ് എനിക്ക് തോന്നുന്നത്”.

പരിഭാഷ: രാജീവ് ചേലനാട്ട്

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനുശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി കുറച്ചുകാലം ജോലി ചെയ്തു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.