പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും എന്താണ് പഠിപ്പിക്കുന്നതെന്ന് എനിക്ക് അധികം മനസ്സിലാകാറില്ല. ആറ് വർഷത്തിനുശേഷമാണ് ഞാൻ സ്കൂളിലേക്ക് പോവുന്നത്. ഞാൻ ഹന്നാൻ അൻസാരി. 14 വയസ്സ് പ്രായം. രണ്‍പുർ ഖുർദിനടുത്തുള്ള ബേനിപുർ എന്ന ചെറിയ ഗ്രാമത്തിൽ അച്ഛനമ്മമാരുടേയും ഇളയ സഹോദരന്‍റെയും കൂടെ ജീവിക്കുന്നു.

ഹന്നാനും അവന്‍റെ അമ്മ സഹീറാ ബാനോവും വീടിന്‍റെ വെളിയിൽ. ശായിസ്ത നാസ് എടുത്ത ചിത്രം.

ആറ് വയസ്സുള്ളപ്പോൾ 2012-ൽ ഒരു അപകടത്തിൽ ഇടത്തേ കണ്ണിന് പരിക്കേറ്റു. മുറിവ് ഭേദമായെങ്കിലും ആ കണ്ണിന് ഇപ്പോൾ കാഴ്ചയില്ല. ഏകാഗ്രമാക്കാൻ നോക്കിയാൽ മറ്റേ കണ്ണ് വേദനിച്ച് തലവേദന അനുഭവപ്പെടുന്നു.

അപകടത്തിനുശേഷം കുറച്ച് വർഷങ്ങൾ, കണ്ണ് ഭേദമാകാൻ വീട്ടിൽ കഴിയേണ്ടിവന്നു; ആറ് വയസ്സ് മുതൽ 12 വയസ്സുവരെ സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. വണ്ടികൾ പെയിന്‍റടിക്കുന്ന ജോലി ചെയ്യുന്ന അച്ഛൻ മൊഹമ്മദ് ബിസ്മില്ല അൻസാരിയുടെകൂടെ പണിക്ക് പോയിത്തുടങ്ങി. കൂട്ടുകാർ സ്കൂളിൽ പോവുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. ഒറ്റയ്ക്കായതുപോലെ തോന്നി. അങ്ങിനെ, ആറ് വർഷത്തിനുശേഷം, 2019-ൽ എന്നെ സ്കൂളിലയയ്ക്കാൻ അച്ഛൻ തീരുമാനിച്ചു. 12 വയസ്സായതിനാൽ, പ്രൈമറി ക്ലാസ്സിൽ ചേർക്കുന്നത് ബുദ്ധിമുട്ടാവുമെന്ന് അദ്ധ്യാപകർ പറഞ്ഞു. അങ്ങിനെ, എന്നെ ഏഴാം ക്ലാസ്സിൽ ചേർത്തു. ഞാൻ താമസിക്കുന്ന ബേനിപുർ എന്ന ഗ്രാമത്തിലെ മാധ്യമികശാല എന്ന സർക്കാർ സ്കൂളിൽ. ഇപ്പോൾ 14 വയസ്സായി, എട്ടാം ക്ലാസ്സ് പൂർത്തിയായി. ഒമ്പതിൽ ചേരണം. എന്‍റെ ഒമ്പത് വയസ്സുള്ള അനിയൻ ലുക്മാൻ അൻസാരിയും ബേനിപുരിലെ പ്രൈമറി ക്ലാസ്സിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നുണ്ട്.

“എട്ടാം ക്ലാസ്സ് കഴിഞ്ഞതേയുള്ളു ഞാൻ. 14 വയസ്സായി”, ഒരപകടത്തിൽ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ട്, ആറ് വർഷത്തിനുശേഷം സ്കൂളിൽ പോയിത്തുടങ്ങിയ ഹന്നാൻ പറഞ്ഞു. ശായിസ്ത നാസ് എടുത്ത ചിത്രം.

എന്‍റെ കുടുംബം ബേനിപുരിൽ താമസിക്കാൻ തുടങ്ങിയിട്ട് 80 വർഷങ്ങൾ കഴിഞ്ഞു. എന്‍റെ മുതുമുത്തച്ഛൻ ഝാർഖണ്ഡിൽനിന്ന് ഇങ്ങോട്ട് കുടിയേറിയതാണ്. കൂലിപ്പണിക്കാരും മെക്കാനിക്കുകളും തയ്യൽക്കാരുമാണ് എന്‍റെ ഗ്രാമത്തിലെ ഭൂരിഭാഗമാ‍ളുകളും. ഗ്രാമത്തിലും, 50 കിലോമീറ്റർ അകലെയുള്ള ജില്ലാ തലസ്ഥാനമായ അംബികപൂരിലുമാണ് അവർ ജോലി ചെയ്യുന്നത്.

2020 മാർച്ചിൽ അടച്ചുപൂട്ടൽ തുടങ്ങിയപ്പോൾ ഓൺലൈൻ ക്ലാസ്സിൽ ചേരാൻ സ്കൂളിൽനിന്ന് ആവശ്യപ്പെട്ടു. പക്ഷേ എനിക്ക് സ്മാർട്ട്ഫോണൊന്നുമില്ല. സ്വന്തമായി ഫോണുള്ള കുറച്ച് കുട്ടികളുടെ സംഘത്തിൽ ചേർന്ന് അവരോടൊപ്പം പഠിക്കാമെന്ന് കരുതിയതാണ്. പക്ഷേ, കുടുംബത്തെ പോറ്റാൻ‌വേണ്ടി ഞാൻ ജോലിക്ക് പോയിത്തുടങ്ങുമ്പോഴേക്കും അവരൊക്കെ സ്വന്തമായി ഗ്രൂപ്പ് ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. അതിനാൽ, സ്കൂൾ അടച്ചുപൂട്ടിയ 2020 ഏപ്രിൽ മുതൽ ജൂൺ‌വരെ ഒരൊറ്റ ഓൺലൈൻ ക്ലാസ്സിൽ‌പ്പോലും എനിക്ക് പങ്കെടുക്കാനായില്ല.

അടച്ചുപൂട്ടൽ വന്നപ്പോൾ അച്ഛനും മെക്കാനിക്കിന്‍റെ കടയിൽ ജോലിയില്ലാതെയായി. അപ്പോൾ അച്ഛൻ ദിവസവേതനത്തിന് പോയിത്തുടങ്ങി. അച്ഛനെ സഹായിക്കാൻ ഞാനും. അംബികാപുരത്തെ ഒരു നിർമ്മാണ സൈറ്റിലായിരുന്നു ജോലി. ഇഷ്ടികയും മണ്ണുമൊക്കെ ചുമക്കണം. തലയിലും ചുമലിലും ഭാരം ചുമക്കേണ്ടിവന്നപ്പോൾ കണ്ണ് വേദനിച്ച് തലവേദനയും തുടങ്ങി. വായിക്കാൻ ശ്രമിക്കുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്

ഇഷ്ടികയും മണ്ണും ചുമക്കുമ്പോൾ കണ്ണുവേദനയും തലവേദനയും ഉണ്ടാവുന്നുണ്ട് ഹന്നാന്. വായിക്കാൻ ശ്രമിക്കുമ്പോഴും അതുതന്നെയാണ് സ്ഥിതി. ശായിസ്ത നാസ് എടുത്ത ചിത്രം.
തുറസ്സായ സ്ഥലത്തെ സ്കൂൾ ക്ലാസ്സുകളിൽ ഹന്നാന് പങ്കെടുക്കാൻ പറ്റി. ആഴ്ചയിൽ രണ്ട് ദിവസം മാത്രം. ബാക്കി ദിവസങ്ങളിൽ അച്ഛനെ സഹായിക്കാൻ കടയിൽ പോകേണ്ടിവന്നു. ശായിസ്ത നാസ് എടുത്ത ചിത്രം.

ഒക്ടോബറിൽ സ്കൂളുകൾ തുറന്നപ്പോൾ ഗ്രാമത്തിലെ പള്ളിക്കടുത്ത്, ആഴ്ചയിൽ അഞ്ച് ദിവസം ടീച്ചർമാർ മൊഹല്ല ക്ലാസ്സുകൾ ആരംഭിച്ചു. ഒരു തുറന്ന മൈതാനത്ത്, അകലം പാലിച്ച് ഞങ്ങൾ ഇരിക്കും. ഗ്രാമത്തിൽനിന്നുള്ള 25 ഓളം കുട്ടികൾ അതിൽ പങ്കെടുത്തു. ഞങ്ങൾ ടെക്സ്റ്റ് ബുക്കുകളും നോട്ട് ബുക്കുകളുമായി അവിടെവന്ന് ഇരിക്കും. ആഴ്ചയിൽ രണ്ട് ദിവസമേ എനിക്ക് ക്ലാസ്സിൽ പോകാൻ പറ്റിയുള്ളു. ബാക്കിയുള്ള ദിവസങ്ങളിൽ അച്ഛന്‍റെ കൂടെ മെക്കാനിക്കിന്‍റെ കടയിൽ പോകേണ്ടിവന്നു. ആ സ്ഥാപനവും ഇതേ കാലത്താണ് തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.

അടച്ചുപൂട്ടലിന്‍റെ രണ്ടാം വർഷം

2021 മാർച്ചിൽ അമ്മ സഹീറാ ബാനൊ നടുവേദന വന്ന് കിടപ്പായി. മരുന്നുകൾ ആവശ്യമായിവന്നു. സമ്പാദിച്ച പൈസ മുഴുവൻ അമ്മയുടെ ചികിത്സയ്ക്ക് ചിലവായി. സാധാരണയായി അമ്മ 5 മണിക്ക് എഴുന്നേറ്റ്, ഭക്ഷണമൊക്കെ ഉണ്ടാക്കി, ആട് മേയ്ക്കാൻ പോകാറുണ്ടായിരുന്നു. അസുഖം ബാധിച്ചപ്പോൾ അതൊന്നും ചെയ്യാനാവാതെയായി.

2021 ഏപ്രിലിലാണ് രണ്ടാമത്തെ അടച്ചുപൂട്ടലുണ്ടായത്. ഇത്തവണ, ദിവസവേതനത്തിന് പോവുന്നതിന് പകരം, അച്ഛനും ഞാനും പച്ചക്കറി വിൽക്കാൻ പോയിത്തുടങ്ങി. രാവിലെ 5 മണിക്ക് എഴുന്നേറ്റ്, മോട്ടോർസൈക്കിളിൽ, 15-20 കിലോമീറ്ററുകൾ അപ്പുറത്തുള്ള പർസ, ബരിയാന്‍ എന്നീ ഗ്രാമങ്ങളിൽ പോയി പച്ചക്കറി വാങ്ങി, അവിടെനിന്ന് പിന്നെയും 10-20 കിലോമീറ്റർ യാത്ര ചെയ്ത്, അംബികാപുരത്തിന്‍റെ അറ്റത്തുള്ള സ്ഥലങ്ങളിൽ ചെന്ന് വിൽക്കും. 

ഒരു ദിവസം 80 രൂപവരെ സമ്പാദിക്കാൻ പറ്റും. ചില ദിവസങ്ങളിൽ കൂടുതൽ സാധനങ്ങൾ, അല്ലെങ്കിൽ വ്യത്യസ്ത ഇനങ്ങൾ വിൽക്കാൻ പറ്റിയാൽ 150 രൂപവരെ കിട്ടും. ദിവസം 30 രൂപ വാടകയ്ക്ക്, ആദ്യം, അയൽക്കാരനിൽനിന്ന് ഒരു ഉന്തുവണ്ടി എടുത്തു. അതിന് ചിലവ് കൂടുതലായി തോന്നിയപ്പോൾ, വഴിവക്കിലിരുന്ന് പച്ചക്കറി വിൽക്കാൻ തുടങ്ങി. ഇന്ന് ഗ്രാമത്തിൽനിന്ന് 5 കിലോഗ്രാം വീതം കടലയും കയ്പ്പക്കയും വാങ്ങി വിറ്റു.

ആദ്യദിവസങ്ങളിൽ, ഹന്നാനും അച്ഛനും 30 രൂപ വാടകയ്ക്ക്, അയൽക്കാരനിൽനിന്ന് ഒരു ഉന്തുവണ്ടി എടുത്തു. വാടക കൂടുതലാണെന്ന് തോന്നിയതിനാൽ ഇപ്പോൾ, അംബികാപുരത്തിന്‍റെ പരിസരപ്രദേശങ്ങളിൽ വഴിവക്കിലിരുന്നാണ് അവർ പച്ചക്കറി വിൽക്കുന്നത്. ചിത്രം: ശായിസ്ത നാസ്

സർക്കാരിൽനിന്ന് കിട്ടുന്ന റേഷനാണ് ഇപ്പോൾ ഒരേയൊരു ആശ്വാസം. (ചത്തീസ്ഗഢ് ഭക്ഷ്യ-പോഷക സുരക്ഷാ നിയമം, 2012 പ്രകാരം, 2014 വർഷം മുതൽ, അൻസാരിയുടേതുപോലുള്ള കുടുംബങ്ങൾക്ക് മാസത്തിൽ 35 കിലോഗ്രാം അരിയും ഗോതമ്പും, കിലോഗ്രാമിന് ഒരു രൂപ നിരക്കിൽ കിട്ടുന്നുണ്ട്). ഈ റേഷൻ ഞങ്ങൾക്ക് മതിയാവില്ല. 2021 മേയ് 14-ന് ഈദിന്‍റെയന്ന്, അച്ഛൻ സേവ (സേമിയകൊണ്ടുണ്ടാക്കിയ മധുരം) കൊണ്ടുവന്നു. ഇറച്ചി കഴിക്കണമെന്ന് അനിയൻ വിടാതെ വാശിപിടിച്ചപ്പോൾ അച്ഛൻ അടുത്തുള്ള അറവുകാരന്‍റെയടുത്ത് പോയി കുറച്ച് കോഴിയിറച്ചി വാങ്ങി. ഒരു ദിവസത്തെ വരുമാനത്തേക്കാൾ കൂടുതലാണ് അതിന് ചിലവായത്.

സ്ഥിതിഗതികൾ സാധാരണപോലെയായാൽ, പഠനം പൂർത്തിയാക്കി, തുണിവ്യാപാരം തുടങ്ങണമെന്നാണ് എന്‍റെ ആഗ്രഹം. സഹായിക്കാമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ഒരു സ്കൂട്ടർ വാങ്ങിയാൽ, തുണി മൊത്തമായെടുത്ത്, അടുത്തുള്ള പ്രദേശങ്ങളിലൊക്കെ കൊണ്ടുപോയി വിൽക്കാൻ സാധിക്കും. എനിക്ക് പറ്റിയ ജോലി ഇതാണെന്ന് തോന്നുന്നു. കണ്ണിന്‍റെ വേദനയ്ക്കും ആശ്വാസമാവും.

അപകടവും അതിനുശേഷവും

കണ്ണ് നഷ്ടപ്പെട്ട ദിവസം എനിക്ക് ഓർമ്മയുണ്ട്. 2012 ഒക്ടോബർ 10 ആയിരുന്നു അത്. ആറ് വയസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും, ആ തീയ്യതി എത്രയോ തവണ ഞാൻ പല രേഖകളിലും കണ്ടിട്ടുണ്ട്. അതിനാൽ എനിക്ക് അതോർമ്മയുണ്ട്.

സർജുഗ ജില്ലയിലെ ഭാദർ ഗ്രാമത്തിലുള്ള അമ്മൂമ്മയുടെ വീട്ടിലായിരുന്നു ഞാൻ. തുവരപ്പരിപ്പ് കൃഷിയുടെ വിളവെടുക്കുന്നതിൽ സഹായിക്കാൻ പോയതായിരുന്നു. കുളിച്ച് ഉച്ചയൂണ് കഴിക്കാനായി കൃഷിസ്ഥലത്തുനിന്ന് ഞാൻ വീട്ടിലേക്ക് മടങ്ങി. പുതുതായി പറിച്ച വെള്ളരിക്കകൾ അമ്മാവൻ മുറിച്ച് കഴിക്കുന്നുണ്ടായിരുന്നു. എനിക്കും കഴിക്കണമെന്ന് തോന്നി. വെള്ളരിക്കകൾ അരിയുമ്പോൾ കൈയ്യിലുണ്ടായിരുന്ന കത്തി അബദ്ധത്തിൽ കണ്ണിൽ കൊണ്ടു. വേദനകൊണ്ട് അലറിവിളിച്ച് ഞാൻ കണ്ണ് തിരുമ്മി. ചോരയും വെള്ളവും കണ്ണിലെ മൂടൽമഞ്ഞും മാത്രമേ എനിക്ക് ഓർമ്മിക്കാൻ കഴിയുന്നുള്ളു. 

50 കിലോമീറ്റർ അകലെയുള്ള അംബികാപുരം പട്ടണത്തിലെ ഒരു മെക്കാനിക്കിന്‍റെ കടയിലായിരുന്നു അച്ഛൻ അപ്പോൾ. അദ്ദേഹം ഓടിവന്ന് അടുത്തുള്ള വലിയ പട്ടണമായ രാജ്പുരിലെ ഒരു സ്വകാര്യ ഡോക്ടറുടെയടുത്ത് എന്നെ കൊണ്ടുപോയെങ്കിലും, വലിയ മുറിവായതിനാൽ അയാൾ ചികിത്സിക്കാൻ വിസമ്മതിച്ചു. പിന്നെ എന്നെ അംബികാപുരത്തുള്ള മറ്റൊരു സ്വകാര്യ ക്ലിനിക്കിൽ കൊണ്ടുപോയി. അവർ കണ്ണിലൊഴിക്കാനുള്ള മരുന്ന് തന്ന്, തലസ്ഥാനമായ റായ്പുരിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. അടുത്ത ദിവസം, എന്‍റെ മുത്തച്ഛനും അച്ഛനമ്മമാരും ഞാനും രാത്രിവണ്ടിക്ക് റായ്പുരിലെ ബി.ആർ.അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിലേക്ക് പോയി. എത്രയും വേഗം അവിടെയെത്താനുള്ള ഓട്ടത്തിലായിരുന്നു ഞങ്ങൾ. പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്, എന്‍റെ അച്ഛനമ്മമാർ അവരുടെ എല്ലാ സമ്പാദ്യവും എന്‍റെ ചികിത്സയ്ക്കുവേണ്ടി ചിലവഴിച്ചുവെന്ന്. ചികിത്സയ്ക്കുവേണ്ടി 30,000 രൂപയോളം സംഭാവന ചെയ്തത് എന്‍റെ ചില ബന്ധുക്കളാണ്.

ആ അപകടത്തിനുശേഷം, സ്ഥിരമായ പരിശോധനയ്ക്കുവേണ്ടി ആറോ ഏഴോ തവണ ഞങ്ങൾക്ക് ആശുപത്രിയിൽ പോകേണ്ടിവന്നു. മുറിവ് ഭേദമായെങ്കിലും, കാഴ്ച തിരിച്ചുകിട്ടിയില്ല. കണ്ണ് മുറിച്ചുമാറ്റി അവിടെ ഒരു കല്ല് വെക്കാനായി റായ്പുരിലെ സ്വകാര്യ ഡോക്ടർമാർ രണ്ട് ലക്ഷം രൂപയാണ് ചോദിച്ചത്. കാഴ്ച തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായതിനാൽ, അത് വേണ്ടെന്ന് അച്ഛൻ തീരുമാനിച്ചു. കണ്ണിന് കാഴ്ച കിട്ടുമെന്ന പ്രതീക്ഷ അതോടെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു.

മരുന്നിനും, ചികിത്സയ്ക്കും റായ്പുരിലേക്ക് പോയിവരാനുമൊക്കെയായി ആറ് മാസത്തിനുള്ളിൽ 50,000 രൂപ ചിലവായി.

അത് കഴിഞ്ഞിട്ടിപ്പോൾ കുറേക്കാലമായി. രണ്ട് കണ്ണുകൾക്കും കാഴ്ചയുണ്ടായിരുന്ന കാലം ഇപ്പോൾ എനിക്കോർമ്മയില്ല. അയൽക്കാരൊക്കെ എന്നെ അന്ധൻ എന്നാണ് രഹസ്യമായി വിശേഷിപ്പിക്കുക. ഒരു കണ്ണുകൊണ്ട് നോക്കിക്കണ്ട് ഇപ്പോൾ എനിക്ക് ശീലമായിട്ടും ആളുകൾ ഇപ്പോഴും എന്നെ അങ്ങിനെ വിളിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

എന്‍റെ കൂട്ടുകാരും, അടുത്ത ബന്ധത്തിലുള്ളവരും എന്നെ ഒരിക്കലും കളിയാക്കാറില്ല. അവരുമായി സമയം ചിലവഴിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്. ഗ്രാമത്തിനടുത്തുള്ള തടാകത്തിന്‍റെ തീരത്ത് പോയി മണിക്കൂറുകളോളം ചിലവഴിക്കാറുണ്ട് ഞങ്ങൾ. ഇപ്പോൾ കോവിഡും അടച്ചുപൂട്ടലും മൂലം അവരൊക്കെ അവരുടെ മുത്തച്ഛന്മാരുടേയും മുത്തശ്ശിമാരുടേയും വീടുകളിലേക്ക് പോയിരിക്കുന്നു. അവരെ കാണാൻ വല്ലാതെ തോന്നുന്നുണ്ട്.

Editor's note

ശായിസ്ത നാസ് ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ സെന്‍റർ ഫോർ ഫ്രെഞ്ച് ആൻഡ് ഫ്രാങ്കോഫോൺ സ്റ്റഡീസിൽനിന്ന് അടുത്തിടെ ബിരുദമെടുത്തു. ഇപ്പോൾ ടീച്ച് ഫോർ ഇന്ത്യയിൽ ഫെല്ലോ ആണ്. ന്യൂഡെൽഹിയിലെ ഒരു സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ചത്തീസ്ഗഢിലെ അംബികാപുരത്തുള്ള സ്വന്തം വീട് സന്ദർശിക്കുന്ന സമയത്താണ്, വഴിവക്കിൽ പച്ചക്കറി വിൽക്കുന്ന ഹന്നാനെ അവർ പരിചയപ്പെടുന്നത്. വഴിവാണിഭക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു ഹന്നാൻ. “അവന്‍റെ ജീവിതത്തെക്കുറിച്ച് അവനെക്കൊണ്ട് സംസാരിപ്പിക്കണമെന്ന് എനിക്ക് തോന്നി. വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മയെക്കുറിച്ച് എനിക്ക് ഉറച്ച് ബോദ്ധ്യമുണ്ട്. ഇളം പ്രായത്തിലുള്ള കുട്ടികളിൽനിന്നാണ് സാമൂഹികമാറ്റം ഉണ്ടാവുക. എന്തുകൊണ്ടാണ് അവൻ സ്കൂളിൽ പോകാത്തതെന്ന് അറിയണമെന്ന് എനിക്ക് തോന്നി. കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ച് അറിയാനും കൂടുതൽ അന്വേഷിക്കാനും - പ്രത്യേകിച്ചും കോവിഡിന്‍റെ പശ്ചാത്തലത്തിൽ - പാരി എഡ്യുക്കേഷൻ എന്നെ സഹായിച്ചു.

പരിഭാഷ: രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.