തലമുടിക്കെട്ടിലും ഭക്ഷണം ഒരുക്കിവെച്ച പൊതികളിലും ചെറിയ വെളുത്ത പ്രാണികൾ പുളയുന്നുണ്ടായിരുന്നെങ്കിലും, ഒട്ടും മടിക്കാതെ സാറാമ്മ തന്റെ കൈകൊണ്ട് അവയെ എടുത്ത് വലിയ ബലമുള്ള പ്ലാസ്റ്റിക്ക് ബാഗിലേക്കിട്ടു.

കഴിഞ്ഞ 20 കൊല്ലക്കാലമായി ചവറ് പെറുക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന എൻ. സാറാമ്മയ്ക്ക് ദിവസവും പഴകിയ ഭക്ഷണവും പൊട്ടിയ ചില്ലുകളുമൊക്കെ കൈകാര്യം ചെയ്യേണ്ടിവരാറുണ്ട്. തിരുവനന്തപുരത്തെ പേരൂർക്കട വാർഡാണ് അവരുടെ തൊഴിൽ‌സ്ഥലം.

പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെകൂടെ അശ്രദ്ധമായി ഇട്ടിരുന്ന പൊട്ടിയ ചില്ലുകൾ കൈയ്യിൽ തറച്ച് പലപ്പോഴും മുറിവേറ്റത് അവർക്ക് ഓർമ്മയുണ്ട്. ഒരിക്കൽ കൈ മുറിഞ്ഞ് തുന്നിക്കെട്ടാൻ സ്വകാര്യാശുപത്രിയിൽ പോകേണ്ടിവരികപോലും ചെയ്തു. “ആശുപത്രി ചിലവുകൾക്കാവശ്യമായ പണം എന്റെ കൈയ്യിൽനിന്ന് വാങ്ങി”, അവർ പറയുന്നു. എന്നിട്ട് കാലിലേക്ക് ചൂണ്ടി തുടർന്നു. “എന്റെ രണ്ട് കാലിലും ചൊറിയുണ്ടായി. അത് പഴുത്ത് സെപ്റ്റിക്കായി കറുത്ത നിറം വന്നു. അതിനുശേഷം ഞാൻ ആശുപത്രിയിൽ പോയി. മലിനജലം‌കൊണ്ട് ഉണ്ടായതാണെന്ന് എനിക്കറിയാം”.

കൈയ്യുറകളൊ മുഖാവരണങ്ങളോ ഇല്ലാതെ ചെയ്യുന്ന ജോലിക്കിടയിൽ ദിവസവും അപകടങ്ങളുണ്ടാവുമെന്ന് അവർക്കറിയാം. എങ്കിലും അവരതൊന്നും കാര്യമാക്കുന്നില്ല. “വലിച്ചെറിയുന്നതിന് മുൻപ് പ്ലാസ്റ്റിക്ക് കഴുകണമെന്നാണ് വെപ്പ്. പക്ഷേ ഞാൻ അതൊന്നും നിർബന്ധിക്കാറില്ല”, വീട്ടുകാർക്ക് അതൊന്നും കഴുകാനും ഉണക്കാനും സമയം കിട്ടില്ലെന്ന് സാറമ്മയ്ക്ക് അറിയാം.

സാറാമ്മ ദിവസവും 105 വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നു. ഫോട്ടോ: അയ്ഷ ജോയ്സ്

രാവിലെ 6 മണിക്ക് അറുപത്തിരണ്ടുകാരിയായ സാറാമ്മയുടെ ദിവസം ആരംഭിക്കുന്നു. ദിവസേന 105 വീടുകളിലാണ് അവർ പോവുന്നത്. ഈ വീടുകൾ കേരളത്തിന്റെ തലസ്ഥാനനഗരിയിലെ അഞ്ച് ഹൌസിംഗ് കോളണികളിലായി – ശ്രീനഗർ, ഐശ്വര്യ ഗാർഡൻ, ദുർഗ്ഗാ നഗർ, ഉള്ള്യനാട്, ജേണലിസ്റ്റ് കോളനി – വ്യാപിച്ച് കിടക്കുന്നു. വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നതിന് ഓരോ വീട്ടുകാരും അവർക്ക് കൊടുക്കുന്നത് മാസത്തിൽ 500 രൂപയാണ്.

രാത്രിയുടെ മറവിൽ മാലിന്യം സഞ്ചിയിലാക്കി വെളിയിൽ കൊണ്ടുപോയി കളയുന്നവർ പൈസ കൊടുക്കാറില്ല. ഈ സഞ്ചികൾ തെരുവുപട്ടികളെ ആകർഷിക്കുകയും അവ ഈ മാലിന്യങ്ങൾ ചിക്കിചികയുകയും ചെയ്യുന്നു. ചിലപ്പോൾ അവ പ്ലാസ്റ്റിക്ക് സഞ്ചി കടിച്ച് കീറുകയും ചെയ്യും. അപ്പോൾ അവ പെട്ടെന്ന് മാറ്റേണ്ടിവരും. മാസത്തിൽ സാറാമ്മയ്ക്ക്, ആ വിധത്തിൽ 10-16 സഞ്ചികൾ മാറ്റേണ്ടിവരാറുണ്ട്. അതിനുള്ള പൈസ സ്വന്തം കൈയ്യിൽനിന്ന് എടുക്കേണ്ടിവരികയും ചെയ്യും. “എനിക്ക് വലിയ ബുദ്ധിമുട്ടാണ് അത്. മാസത്തിൽ 500 രൂപ അവർ ചിലവാക്കിയാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാവുന്നതേയുള്ളു”, അവർ പറയുന്നു.

വീടുകളും, മാലിന്യം തരം‌തിരിക്കുന്ന സ്ഥലവും തമ്മിൽ കഷ്ടിച്ച് 3 കിലോമീറ്റർ ദൂരമേയുള്ളു. അതിന് സാറാമ്മ ഒരു ഓട്ടോറിക്ഷ വാടകയ്ക്കെടുത്തിട്ടുമുണ്ട്. ഡ്രൈവറുടെകൂടെ, വീടുകൾക്കും ചവറ് തരം‌തിരിക്കുന്ന സ്ഥലത്തിനുമിടയിൽ പല പ്രാവശ്യം അവർ ഷട്ടിലടിക്കും. പിന്നീട്, തരം‌തിരിക്കുന്ന സ്ഥലത്തുനിന്ന് ആ മാലിന്യമൊക്കെ ഒരു സ്വകാര്യ കമ്പനിയിലേക്ക് കൈമാറും. അവരാകട്ടെ അത് പന്നി ഫാമുകളിലേക്കും റീസൈക്ലിംഗ് കേന്ദ്രങ്ങളിലേക്കും കൈമാറും.

തരം‌തിരിക്കുന്ന സ്ഥലത്തുനിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് സാറാമ്മയെപ്പോലുള്ളവർ ഈ കമ്പനിക്ക് പൈസ കൊടുക്കുന്നുണ്ട്. ആ ഫീസും, ചാക്കുകൾക്കുള്ള പണവും, ഓട്ടോവിനുള്ള വാടകയും എല്ലാം കഴിച്ചാൽ, മാസം‌തോറും 5,000 രൂപ സമ്പാദ്യം കിട്ടും.


തിരുവനന്തപുരത്തെ ഒരു വലിയ ചേരിപ്രദേശമായ രാജാജി നഗറിലെ ചെങ്കൽച്ചൂള കോളനിയിലാണ് സാറാമ്മ ജീവിതകാലം മുഴുവൻ കഴിഞ്ഞത്. അവർക്ക് ഒരുവയസ്സുള്ളപ്പോഴാണ് കുടുംബം, നാല് കിലോമീറ്റർ അകലെയുള്ള മറ്റൊരു ചേരിപ്രദേശമായ ഗുണ്ടുക്കാട് കോളനിയിൽനിന്ന് ഇങ്ങോട്ട് താമസം മാറ്റിയത്. മെച്ചപ്പെട്ട ദിവസക്കൂലി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അത്. ഏതാണ്ട് ഏഴുവയസ്സുമുതൽ, ഇവിടെനിന്ന് 66 കിലോമീറ്റർ അകലെയുള്ള കൊല്ലം ജില്ലയിലെ ഒരു വീട്ടിൽ വീട്ടുപണിക്ക് സാറാമ്മ ചേർന്നു.

“എനിക്ക് ഒന്നും അറിയില്ലായിരുന്നു അന്ന്. ഉറക്കത്തിൽ മൂത്രമൊഴിക്കുകപോലും ചെയ്തിരുന്നു ഞാൻ. ഒന്നരക്കൊല്ലം ആ വീട്ടിൽ ജോലി ചെയ്തു, എന്നെ ആ പണിക്ക് അയച്ചതിൽ കുറ്റബോധം തോന്നി അച്ഛൻ എന്നെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോയി”, സാറാമ്മ പറയുന്നു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയതിനുശേഷവും നിരവധി വീടുകളിൽ പണിക്ക് പോയിത്തുടങ്ങി സാറാമ്മ. 12 വയസ്സായപ്പോൾമുതൽ കെട്ടിടനിർമ്മാണ സൈറ്റുകളിൽ കൂലിപ്പണിക്കും പോയിത്തുടങ്ങി. “അന്നൊക്കെ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ബാലവേലാ നിയമമൊന്നും ഉണ്ടായിരുന്നില്ല. എന്റെ വയസ്സിനേക്കാൾ കൂടുതൽ പ്രായവും എനിക്ക് തോന്നിച്ചിരുന്നു”. തന്നെപ്പോലുള്ള ദളിതരുടെ കുടുംബങ്ങളിൽ ഇതൊക്കെ സാധാരണമായിരുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു.

സാറാമ്മയുടെ അച്ഛനമ്മമാർ അവിദഗ്ദ്ധ തൊഴിലാളികളായിരുന്നു. അവൾ അവരുടെ നാലാമത്തെ സന്താനവും. കുടുംബത്തിന്റെ വരുമാനം വർദ്ധിപ്പിക്കാൻ അവളുടെ അദ്ധ്വാനവും ആവശ്യമായിരുന്നതിനാൽ രണ്ടാം ക്ലാസ്സിൽ‌വെച്ച് അവളുടെ പഠനം അവസാനിച്ചു. എങ്കിലും അവളുടെ സഹോദരങ്ങൾ 8-ആം ക്ലാസ്സും 10-ആം ക്ലാസ്സുമൊക്കെ എത്തി.

“എനിക്ക് എഴുതാനോ വായിക്കാനോ അറിയില്ല. എന്റെ ഒപ്പ് വെറും മൂന്ന് വരകളാണ്. വളരെ ബുദ്ധിമുട്ടിയാൽ മലയാളത്തിലെ വലിയ അക്ഷരങ്ങൾ കഷ്ടിച്ച് വായിക്കാനാവും. എന്റെ കുട്ടികൾ പഠിച്ചിട്ടുണ്ട്”, അവർ പറയുന്നു. അവരുടെ മക്കൾ അടുത്തുള്ള സർക്കാർ സ്കൂളിലാണ് പഠിക്കുന്നത്.

സാറാമ്മയ്ക്ക് ബാങ്ക് അക്കൌണ്ടോ, വിധവാ പെൻ‌ഷനോ, വാർദ്ധക്യകാല പെൻഷനോ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് നൽകുന്ന ആരോഗ്യ ഇൻഷൂറൻസോ, മറ്റ് സാമൂഹ്യസുരക്ഷാ പദ്ധതികളോ ഒന്നുമില്ല. സംസ്ഥാനത്തിന്റെ വിധവാ പെൻഷൻ പദ്ധതിപ്രകാരം, അവർക്ക് മാസത്തിൽ 1,400 രൂപ കിട്ടാൻ അർഹതയുണ്ടെങ്കിലും ഇതുവരെ അതിനായി അപേക്ഷിച്ചിട്ടില്ലെന്ന് അവർ പറയുന്നു.

“മാസം 1,400 രൂപ കിട്ടാൻ, സർക്കാർ ഉദ്യോഗസ്ഥരുടെ പിന്നാലെ ദിവസങ്ങളോളം നിങ്ങൾക്ക് നടക്കേണ്ടിവരും. ഒരു ദിവസം ജോലിക്ക് പോയില്ലെങ്കിൽ എനിക്ക് ആ പൈസ നഷ്ടമാവും”, സാറാമ്മ പറയുന്നു. ആധാർ കാർഡും, റേഷൻ കാർഡും, വോട്ടർ തിരിച്ചറിയൽ കാർഡുമുണ്ടായിട്ടും, ബാങ്ക് അക്കൌണ്ട് തുടങ്ങാനുള്ള കടലസ്സുപണി ചെയ്യാൻ സമയം കിട്ടുന്നില്ല എന്ന് അവർ പറയുന്നു. “ഒരു ദിവസം പണിയെടുത്തില്ലെങ്കിൽ, മാലിന്യം അഴുകി എല്ലാവരേയും ബാധിക്കും”, സാറാമ്മ കൂട്ടിച്ചേർത്തു.


അതിരാവിലെ സാറാമ്മ വീട്ടിൽനിന്ന് ഇറങ്ങും. തിരിച്ചെത്തുമ്പോഴാണ് ദിവസത്തിലെ ആദ്യത്തെ ഭക്ഷണം കഴിക്കുക. ചോറും, തലേന്നത്തെ എന്തെങ്കിലും കറിയുമായിരിക്കും അത്. “രാവിലെ കട്ടൻ‌ചായ മാത്രമേ കുടിക്കൂ. വീട്ടിലെത്തി കുളി കഴിഞ്ഞിട്ട് ഭക്ഷണം കഴിക്കും”, അവർ പറയുന്നു. രാവിലെ പ്രാതൽ കഴിക്കുകയാണെങ്കിൽ അത് ഒരു കപ്പ് ചായയും സ്ഥലത്തെ ഒരു കടയിൽനിന്നുള്ള വടയുമായിരിക്കും. കൈ കഴുകാനുള്ള സൌകര്യമില്ലാത്തതുകൊണ്ടാണ് വട കഴിക്കുന്നത്. ജോലി സമയത്ത് വെള്ളം മാത്രമേ കുടിക്കൂ.

വ്യാജ വാറ്റിന്റെയും, മയക്കുമരുന്നിന്റെയും ഗുണ്ടകളുടേയും കുറ്റകൃത്യങ്ങളുടേയും സ്ഥലമായിട്ടാണ് അവരുടെ വാസസ്ഥലം നാട്ടിൽ അറിയപ്പെടുന്നത്. എന്നാൽ കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ, ഭക്ഷണവും ഉറക്കവും വസ്ത്രവും പൈസയും ആവശ്യമുള്ളവരുടെ ആശ്രയസ്ഥാനമായി തന്റെ പ്രദേശം മാറിയിട്ടുണ്ടെന്നാണ് സാറാമ്മ പറയുന്നത്.

“ധാരാളം കഷ്ടപ്പാടുകൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. കിടക്കാൻ സ്ഥലമോ, ഭക്ഷണമോ, വസ്ത്രമോ ഇല്ലാതെ. വരാന്തകളിൽ കിടന്നുറങ്ങി, രാവിലെ കല്യാണ ഓഡിറ്റോറിയങ്ങളിൽ പോയി അവിടെനിന്നുള്ള ഭക്ഷണം കഴിച്ച് ജീവിക്കേണ്ടിവന്നിട്ടുണ്ട്. നല്ലവണ്ണം അനുഭവിച്ചു”, അവർ പറയുന്നു. തനിക്ക് സംഭവിച്ചത് മറ്റാർക്കും അനുഭവിക്കേണ്ടിവരാതിരിക്കാൻ, സാറാമ്മ തന്റെ വീടിന്റെ വാതിൽ രാത്രി 11 മണിവരെ തുറന്നുവെക്കുന്നു. രാത്രി തലചായ്ക്കാൻ ഇടംതേടി വരുന്നവർക്കും ചേരിയിൽനിന്നുള്ള കുട്ടികൾക്കും അവരുടെ വീട് ആശ്രസ്ഥാനമാണ്.

“ആരും വിശന്നിരിക്കാൻ പാടില്ല എന്ന് നിർബന്ധമുണ്ട് എനിക്ക്. കാരണം, എന്റെ കുട്ടിക്കാലത്ത് ഞാൻ കടുത്ത ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്. എന്റെ കുടുംബവും എനിക്ക് ഇക്കാര്യത്തിൽ പിന്തുണ നൽകുന്നു”. മകളേയും പുത്രവധുവിനേയും ഉദ്ദേശിച്ച് അവർ പറയുന്നു. ദിവസേന 2.5 കിലോഗ്രാം അരി പാകം ചെയ്യുന്നു ആ കുടുംബം. 15 ദിവസത്തിലൊരിക്കൽ ഒരു ഗ്യാസ് സിലിണ്ടർ ഇതിന് വേണ്ടിവരുന്നു.

സാറാമ്മയുടെ രണ്ടാമത്തെ കുട്ടിയും, 2014-ൽ പ്രസിദ്ധീകരിച്ച ‘ചെങ്കൽച്ചൂളയിലെ എന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ രചയിതാവുമാണ് എസ്. ധനുജ കുമാരി. ആത്മകഥാപരമായ ഈ കൃതി, ചേരിയിൽ വളർന്നുവന്ന അവളുടെ ജീവിതത്തിന്റെതന്നെ കഥയാണ്. തന്റെ കുടുംബത്തിന് അനുഭവിക്കേണ്ടിവന്ന ജാതിവിവേചനം, രണ്ട് കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ അവർ നേരിട്ട വിഷമതകൾ, ഒരു അധസ്ഥിത സമുദായാംഗമായതിന്റെ പ്രാരാബ്ധങ്ങൾ എന്നിവയൊക്കെ അവർ ആ പുസ്തകത്തിൽ പങ്കുവെക്കുന്നു. 10-ആം ക്ലാസ്സ് പൂർത്തിയാക്കിയ ആളും, മൂന്നാമത്തെ എഡിഷനിലെത്തിയെ ഒരു പുസ്തകത്തിന്റെ രചയിതാവുമായിട്ടും അമ്മയുടെകൂടെ അവരും മാലിന്യം ശേഖരിക്കാൻ പോവുന്നു.

“ആരാണ് ഒരു ദളിതയ്ക്ക് ജോലി തരിക?”, എന്തുകൊണ്ടാണ് മകളും ഈ ജോലി ചെയ്യുന്നത് എന്ന ചോദ്യത്തിന് സാറാമ്മ നൽകുന്ന മറുചോദ്യമാണത്. “മറ്റുള്ളവരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളാരാണെന്ന് ആളുകൾ വിധിക്കുന്നത്. നമ്മൾ എത്ര ഭംഗിയായി എന്ത് ചെയ്താലും, ഒരു രക്ഷയുമില്ല. ഞങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെത്തന്നെയാണ്”, അവർ കൂട്ടിച്ചേർക്കുന്നു.

“മാലിന്യം ശേഖരിച്ചാ‍ണ് ഞാൻ ജീവിച്ചത്. എനിക്കതിൽ അഭിമാനമുണ്ട്. അതൊരു നല്ല കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്”, അഭിമാനത്തോടെ അവർ പറയുന്നു. “ഇനി വരുന്ന തലമുറയ്ക്ക് ഇത് ചെയ്യേണ്ടിവരരുത്”, അവർ പറഞ്ഞുനിർത്തി.

പാരി ഹോം പേജിലേക്ക് പോവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Editor's note

സോണിപത്തിലെ അശോക സർവ്വകലാശാലയിൽ ബിരുദപൂർവ്വ പഠനം നടത്തുകയാണ് ആയിഷ ജോയ്സ്. 2022-ൽ പാരിയിൽ ഇന്റേൺ ചെയ്ത അവർ സാറാമ്മയെക്കുറിച്ചാണ് പഠിച്ചത്.

അയ്ഷ പറയുന്നു, “കൂടുതലും ധനുജയുടെ ജീവിതമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതും സം‌പ്രേക്ഷണം ചെയ്യപ്പെട്ടതും. എന്നാൽ ധനുജയെ ഇന്നത്തെ ധനുജയാക്കിയ ആളെക്കുറിച്ച് അറിയണമെന്ന് എനിക്ക് തോന്നി. ശരിയായ ചോദ്യങ്ങൾ ചോദിക്കാനും വ്യക്തിപരമായ അഭിപ്രായങ്ങളുടെ ഭൂതക്കണ്ണാടി ആഖ്യാനത്തിനെ അധികം സ്വാധീനിക്കാത്തവിധത്തിലുള്ള പത്രപ്രവർത്തനത്തിനെക്കുറിച്ച് ചിന്തിക്കാനും പാരിയുടെ സമീപനം എന്നെ സഹായിച്ചു."

പരിഭാഷ: രാജീവ് ചേലനാട്ട്

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനുശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി കുറച്ചുകാലം ജോലി ചെയ്തു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.